പാലക്കാട് : ചിറ്റൂർ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ അച്യുതൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1996 മുതൽ 2016 വരെ ദീർഘകാലം ചിറ്റൂർ എംഎൽഎയായിരുന്നു. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതന്റെ പിതാവാണ്.
ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീർഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവർത്തിച്ചു. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് പുറത്തു വരും.






