കണ്ണൂർ: എല്‍നിനോ കാലവർഷം മാറിനില്‍ക്കുന്നതോടെ സംസ്ഥാനം നീങ്ങുന്നത് കത്തുന്ന ചൂടിലേക്ക്. ഇനിയുള്ള നാല് ദിവസം നിലവിലെ ചൂടിനേക്കാള്‍ മൂന്ന്-നാല് ഡിഗ്രി ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങള്‍ ജനങ്ങളെ അസ്വസ്ഥമാക്കുന്ന അന്തരീക്ഷമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ശനിയാഴ്ച്ച സാധാരണ ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന പുനലൂരില്‍ 36.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി. നിലവിലുണ്ടാവേണ്ടതിനെക്കാള് 4.7 ഡിഗ്രി കൂടുതലാണിത്. കോട്ടയം 34.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത് (നാലു ഡിഗ്രി കൂടുതല്‍). നെടുമ്പാശേരി 33.9 (മൂന്ന് ഡിഗ്രി കൂടുതല്‍), പാലക്കാട് 34.4 (നാലു കൂടുതല്‍), നെടുമ്പാശേരി 33.9 (മൂന്നു കൂടുതല്‍), കോഴിക്കോട് 33.8 (3.5 കൂടുതല്‍), വെള്ളാനിക്കര 33.7 (3.5 കൂടുതല്‍).
വരും ദിവസങ്ങളില്‍ മൂന്നു മുതല്‍ നാലുവരെ ഡിഗ്രി ചൂട് കൂടുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താല്‍ സംസ്ഥാനം നീങ്ങുന്നത് കടുത്ത ചൂടിലേക്കെന്നതാണ് വസ്തുത. മഴ ലഭ്യത ശരാശരിയിലും താഴെയെത്തിയപ്പോള്‍ 125 വർഷത്തിലെ ചൂട് കൂടിയ ഓഗസ്റ്റാണ് കടന്നുപോയതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.രാജ്യത്ത് 1901ന് ശേഷമുള്ള ഏറ്റവും ഉയർന്ന ചൂട് കഴിഞ്ഞ ഓഗസ്റ്റിലാണ് രേഖപ്പെടുത്തിയത്. സാധാരണ ഓഗസ്റ്റില്‍ 27.34 ആണ് ശരാശരി താപനില.
ഇത്തവണ ശരാശരി താപനില 28.01 ലെത്തി. രാത്രികാല താപനിലയും കഴിഞ്ഞ ഓഗസ്റ്റില്‍ കൂടി. പസഫിക് സമുദ്രത്തിലുണ്ടായ ശക്തമായ എല്‍നിനോയാണ് വരണ്ട കാലാവസ്ഥയ്ക്കും കത്തുന്ന ചൂടിനും കാരണം.
ചിങ്ങവും കന്നിയും ഇങ്ങനെ മുന്നോട്ട് പോയാല്‍ എല്‍നിനോ കാലത്ത് തുലാവർഷവും വിട്ടുനിന്നാല്‍ കേരളത്തിന്റെ കാലാവസ്ഥയാകെ മാറും. കാർഷിക മേഖലയെ വലിയ തോതില്‍ ബാധിക്കും.






