കൊച്ചി : ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണ് ഇതെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെട്ടത്. കോടതി ശിക്ഷക്ക് വിധിച്ച മാണി സി കാപ്പൻ, എംഎൽഎ സ്ഥാനം രാജിവെക്കണോ എന്ന കാര്യത്തിൽ അദ്ദേഹം തന്നെ തീരുമാനമെടുക്കട്ടെയെന്നും ജോസ് കെ മാണി വ്യക്തമാക്കി.
സംഭവത്തിൽ യുഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെറുമൊരു കോടതി പരാമർശത്തിന്റെ പേരിൽ മുമ്പ് കെഎം മാണി രാജി വെച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി ഇക്കാര്യം യുഡിഎഫിനോട് ആവശ്യപ്പെട്ടത്.
കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസിലാണ് പാലാ എം എൽ എ മാണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും ശിക്ഷ ലഭിച്ചത്. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിടേതായിരുന്നു വിധി. ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.






