വാഷിംഗ്ടണ്‍: ജോണ്സണ് ആൻഡ് ജോണ്സണ് പുറത്തിറക്കിയ ടാല്‍കം പൗഡർ അണ്ഡാശയ കാൻസറിന് കാരണമാകുന്നെന്ന പരാതികളില്‍ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി.
പൗഡർ ഉപയോഗിച്ചതിന് പിന്നാലെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി പതിനായിരക്കണക്കിനാളുകള്‍ നല്കിയ ഹർജിയിന്മേലാണ് ഒത്തുതീർപ്പ്.
നഷ്ടപരിഹാരമായി 5.5 ബില്യണ്‍ ഡോളർ (ഏകദേശം 52,000 കോടി ) നല്കാൻ തയ്യാറാണെന്ന് കമ്പനി കോടതിയില്‍ അറിയിച്ചു. ടാല്‍കം പൗഡറുകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും കാൻസറിന് കാരണമാകുന്നുവെന്നുമുള്ള ആരോപണങ്ങള്‍ കമ്പനി തള്ളി. തങ്ങളുടെ ഫോർമുല ലോകമൊന്നടങ്കമുള്ള കുട്ടികള്‍ ഉപയോഗിക്കുന്നതാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ വർഷങ്ങളായി തുടരുന്ന നിയമപോരാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒത്തുതീർപ്പിന് തയ്യാറായതെന്ന് കമ്പനി വ്യക്തമാക്കി.
അടുത്തവർഷം മുതല്‍ തുക നല്കിത്തുടങ്ങുമെന്നും. 2028നുള്ളില്‍ കുടിശ്ശിക മുഴുവൻ തീർക്കുമെന്നും കമ്പനിയുടെ വൈസ് പ്രസിഡന്റ് എറിക് ഹാസ് അറിയിച്ചു. അമേരിക്കയിലെ വിവിധ കോടതികളിലായി നിലവിലുള്ള ഏകദേശം 69,000 മുതല്‍ 76,000 വരെ കേസുകളാണ് ഈ ഒത്തുതീർപ്പിലൂടെ പരിഹരിക്കപ്പെടുക. കുറഞ്ഞത് 95 ശതമാനം പേരെങ്കിലും കരാറിനെ അംഗീകരിച്ചാല്‍ മാത്രമേ ഒത്തുതീർപ്പ് പ്രാബല്യത്തില്‍ വരികയുള്ളൂ.
ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായാണ് ഒത്തുതീർപ്പിന് തയ്യാറായതെന്നാണ് കമ്പനിയുടെ വിശദീകരണം. നിരവധി കേസുകള്‍ നേരിടേണ്ടി വന്നതിനാല്‍ ജോണ്സണ് ആൻഡ് ജോണ്സണ് ഉല്പന്നങ്ങള്ക്ക് 2022ല്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ബേബി പൗഡറിലുള്പ്പെട്ട ആസ്ബറ്റോസ് ഉപഭോക്താക്കളെ ദോഷകരമായി ബാധിച്ചുവെന്ന് ആരോപിച്ചാണ് നിരവധി കേസുകള്‍ ഫയല്‍ ചെയ്തത്.
ഈ കേസുകള്‍ പരിഹരിക്കുന്നതിനായി ഇതിനകം കമ്പനി മൂന്ന് ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചതായാണ് റിപ്പോർട്ടുകള്‍. വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള 70,000ത്തിലധികം പരാതികള്‍ ജോണ്സണ് ആൻഡ് ജോണ്‍സണെതിരെ ഇപ്പോഴും നിലനില്‍ക്കുകയാണ്.






