ന്യൂഡൽഹി : സിജെപിയുടെ നേതൃത്വത്തിൽ ജന്തര്‍ മന്തറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തില്‍ ഉണ്ടായ പൊലീസ് അതിക്രമത്തിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ആരാണ് പൊലീസിന് അനുമതി നൽകിയതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഇതിന് പ്രധാനമന്ത്രിയാണോ ആഭ്യന്തമന്ത്രിയാണോ മറുപടി നൽകുക?. ഇത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യമല്ല, മറിച്ച് രാജ്യം മുഴുവനും ചോദിക്കുന്ന ചോദ്യമാണ്. വിദ്യാര്‍ത്ഥികളെ തീവ്രവാദികളെ പോലെയാണോ കണ്ടതെന്നും പ്രിയങ്ക ചോദിച്ചു.
പരീക്ഷാ സംവിധാനത്തോടുള്ള യുവാക്കളുടെ വിശ്വാസം നഷ്ടമായി. 152 പേപ്പര്‍ ചോര്‍ച്ചയുണ്ടായിട്ടും ഒരാള്‍ക്കെതിരെയും നടപടി എടുത്തില്ല.വിദ്യാഭ്യാസ മേഖലക്കുള്ള ബജറ്റ് ഓരോ വര്‍ഷവും കുറച്ചുകൊണ്ടുവരുന്നു. രാജിവെച്ച് എത്തിയ മന്ത്രിയെ സൂപ്പര്സ്റ്റാറാക്കുകയാണ് ബിജെപി. പ്രള്‍ഹാദ് ജോഷി സ്ത്രീയെ അപമാനിച്ചിട്ടുണ്ടെന്നും പ്രിയങ്ക ആഞ്ഞടിച്ചു.
അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരായ പ്രിയങ്കയുടെ പരാമർശത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തി. പ്രിയങ്കയുടെ പരാമർശം സഭാ രേഖയില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രള്‍ഹാദ് ജോഷി തന്നെ നേരിട്ടിറങ്ങി പ്രതിഷേധിച്ചു. ഭരണപക്ഷത്തിൻ്റെ ആവശ്യം പരിഗണിച്ച് സ്പീക്കര്‍ ഓംബിര്‍ള പ്രിയങ്കയുടെ പരാമർശം സഭാ രേഖകളില്‍ നിന്ന് മാറ്റി. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തി.






