കേരള റൂറൽ വാട്ടർ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസി (ജലനിധി) യുടെ ഇടുക്കി, കണ്ണൂർ റീജണൽ പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ / അർദ്ധസർക്കാർ / പൊതുമേഖല സ്ഥാപനങ്ങൾ / സെക്രട്ടേറിയേറ്റ് ഫിനാൻസ് എന്നിവയിൽ അക്കൗണ്ട്സ് ഓഫീസർ റാങ്കിലോ മറ്റു തത്തുല്യ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
അക്കൗണ്ട്സ് വിഭാഗത്തിൽ എട്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന
പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക / അക്കൗണ്ട്സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. ജൂലൈ 31നകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.jalanidhi.kerala.gov.in.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ലൈബ്രേറിയൻ (കാറ്റഗറി നമ്പർ 044/2025), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 042/2025) തസ്തികകളിലേക്കുള്ള ഒ.എം.ആർ. പരീക്ഷ ജൂലൈ 19ന് നടക്കും.
ലൈബ്രേറിയൻ തസ്തികയിലേക്കുള്ള പരീക്ഷ രാവിലെ 10 മുതൽ 11.45 വരെ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടക്കും. അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്കുള്ള പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലാണ് നടത്തുക.
പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ജൂലൈ 4 മുതൽ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) പരീക്ഷ എഴുതുന്ന 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്ക് സ്ക്രൈബിന്റെ സേവനം ആവശ്യമാണെങ്കിൽ അപേക്ഷ സമർപ്പിക്കാം.
ദേവജാലിക പ്രൊഫൈലിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോം, ഹാൾടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട വിദഗ്ധ ഡോക്ടറുടെ
‘എഴുതാൻ ബുദ്ധിമുട്ടുണ്ട്’ എന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 13 വൈകിട്ട് 5 മണിക്കകം kdrbrym@gmail.com എന്ന ഇ-മെയിലിലൂടെയോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നേരിട്ടോ അപേക്ഷ നൽകണം. ആവശ്യമായ രേഖകളോടുകൂടിയ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ..






