പാലക്കാട്: മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച അനുമോദനച്ചടങ്ങില്‍ വിദ്യാർഥികളോട് അപമാനകരമായി പെരുമാറിയെന്ന പരാതിയില്‍ മുൻമന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
പരിപാടിക്കിടെ കുട്ടിയോട് "അക്ഷരമറിയില്ലേ" എന്ന് ചോദിക്കുകയും വിലാസം തെറ്റായി എഴുതിയെന്ന പേരില്‍ വേദിയിലേക്ക് വിളിച്ചുവരുത്തി ചെവിയില്‍ നുള്ളുകയും ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടർന്നാണ് ചെയർപേഴ്സണ്‍ കെ.വി. മനോജ് കുമാർ നടപടി സ്വീകരിച്ചത്.
മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കായി സംഘടിപ്പിച്ച 'മെറിറ്റ് ഈവനിംഗ്' ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഹിന്ദിയില്‍ എ പ്ലസ് നേടിയ വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ച കെ.ടി. ജലീല്‍, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയില്‍ എഴുതാൻ ആവശ്യപ്പെട്ടു. ചില പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ, "എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ?" എന്ന് ചോദിച്ച് കുട്ടികളെ സദസ്സിന് മുന്നില്‍ ശാസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തെന്നാണ് പരാതി.






