ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു.
86 വയസായിരുന്നു. അദ്ദേഹത്തിന്റെ പ്രസാധകരായ ഹാർപ്പർകോളിൻസ് ആണ് ഇക്കാര്യം അറിയിച്ചത്.
കണ്‍സർവേറ്റീവ് പാർട്ടി എംപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
50 വർഷത്തെ സാഹിത്യജീവിതത്തിന് ശേഷം തന്റെ അവസാന നോവല്‍ എന്ന് ആർച്ചർ വിശേഷിപ്പിച്ച 'ആദം ആൻഡ് ഈവ്' എന്ന കൃതിയെക്കുറിച്ച് സംസാരിക്കാൻ ഈ ആഴ്ച ചെല്‍ട്ടൻഹാം ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
ഈ പുസ്തകം അടുത്ത ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുകയായിരുന്നു. 2014ല്‍ പ്രോസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു.
ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയില്‍ വിദ്യാർത്ഥിയായിരിക്കെ ടോറി പാർട്ടിയില്‍ ചേർന്ന ആർച്ചർ, 1969ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി 29-ാം വയസില്‍ പാർലമെന്റ് അംഗമായി.
താൻ നിക്ഷേപം നടത്തിയിരുന്ന കാനഡയിലെ ഒരു വ്യാവസായിക ശുചീകരണ കമ്പനി കടബാദ്ധ്യതയുടെ വക്കിലെത്തിയതോടെ 1974ല്‍ അദ്ദേഹത്തിന്റെ പാർലമെന്ററി ജീവിതം അവസാനിച്ചു.






