കൊച്ചി: കളമശേരിയില്‍ യുവതിയെ രണ്ട് ദിവസം തടങ്കലില്‍ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ നടത്തിയത് വൻ ആസൂത്രണമെന്ന് പൊലീസ്.
അതിജീവിതയെ വാഹനം അയച്ച് സ്പായിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. ഇവരുടെ പങ്കാളി ടാക്സി ഓടാൻ പോയെന്ന് ഉറപ്പാക്കിയതിനുശേഷമായിരുന്നു ഇത്.
കൂട്ടബലാത്സംഗത്തിനുശേഷം തിരികെ പോകാൻ അതിജീവിതയ്ക്ക് പുതിയ വസ്ത്രം വാങ്ങി നല്‍കിയതായും പൊലീസ് കണ്ടെത്തി.
കൂടുതല്‍ ഉപദ്രവിച്ചത് പ്രതികളിലൊരാളായ സ്ത്രീയാണെന്നാണ് അതിജീവിതയുടെ മൊഴി. കേസിലെ രണ്ടാം പ്രതിയായ യുവതിയും നാലാം പ്രതിയും ഒളിവിലാണ്.
ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അതിജീവിത ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
ഈ മാസം രണ്ട്, മൂന്ന് തീയതികളിലാണ് സംഭവം നടന്നത്. സ്പായില്‍ മാനേജരുടെ ജോലിക്കായി ഒഎല്‍എക്സ് വഴി പരസ്യംകൊടുത്തത് കണ്ടാണ് യുവതി എത്തിയത്.
ഇവർക്ക് മദ്യവും മയക്കുമരുന്നും നല്കി രണ്ടുദിവസം തടങ്കലില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവയ്ക്കല്‍ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ കളമശേരി പൊലീസ് പിടികൂടി.






