കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ. കോഴിക്കോട് സൈബർ ക്രൈം പൊലീസാണ് ജാൻമണിയെ അറസ്റ്റ് ചെയ്തത്.
മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജന്തർ മന്തർ സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്കെതിരെ ജാൻമണി നടത്തിയ പരാമർശമാണ് വിവാദമായത്. സംഭവം വിവാദമായതോടെ ജാൻമണി പിന്നീട് മാപ്പ് പറഞ്ഞിരുന്നു.
കേസിൽ ബിഎൻഎസ് 192, 356(2), കേരള പൊലീസ് ആക്ട് 120(ഒ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സമൂഹത്തിൽ ലഹള ഉണ്ടാക്കാനും സമാധാനം തകർക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. സമൂഹമാധ്യമത്തിലെ പരാമർശവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി സ്വീകരിച്ചത്.






