കോട്ടയം : സഹോദയ കോംപ്ലക്സിനു കീഴിലുള്ള സിബിഎസ്ഇ സ്കൂളുകളുടെ 'സർഗസംഗമം' കലോത്സവം ഒക്ടോബർ 15 മുതല്‍ 17 വരെ പുതുപ്പള്ളി ഡോണ്‍ ബോസ്കോ സെൻട്രല്‍ സ്കൂളില്‍ നടക്കും. ജില്ലയിലെ 107 സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി ഏഴായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മേളയില്‍ സ്റ്റേജ് ഇതര മത്സരങ്ങള്‍ ഒക്ടോബർ 10 നും സ്റ്റേജ് മത്സരങ്ങള്‍ ഒക്ടോബർ 15, 16, 17 തീയതികളിലുമായി നടക്കും.
ഒക്ടോബർ 15-ന് രാവിലെ കലോത്സവത്തിന് തിരിതെളിയും. സമാപന സമ്മേളനവും സമ്മാന വിതരണവും 17-നാണ്. കോട്ടയം സഹോദയ രക്ഷാധികാരി ബെന്നി ജോർജ്, പ്രസിഡന്റ് ഫാ. ഷിജു പാറത്താനം, ജനറല്‍ സെക്രട്ടറി ഡോ. സുനിത സതീഷ്, ട്രഷറർ ഫാ. സാബു കൂടപ്പാട്ട്, വൈസ് പ്രസിഡന്റുമാരായ ആർ.സി.കവിത, റൂബി ബെന്നി, പുതുപ്പള്ളി ഡോണ്‍ ബോസ്കോ സെൻട്രല്‍ സ്കൂള്‍ പ്രിൻസിപ്പല്‍ ഫാ. ജോഷ് കാഞ്ഞുപറമ്പില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂർത്തിയായിവരുന്നത്.
ശാസ്ത്രമേള പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളില്‍ നടക്കുമെന്നും ഇതിനൊപ്പം കായിക മത്സരങ്ങളും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.






