തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം. പുഷ്ബാക്ക് സംവിധാനമുള്ള ബാക്ക് അപ് സീറ്റുകള്‍ പുന:സ്ഥാപിച്ചു.
എല്‍ ഷേപില്‍ കുത്തനെയുള്ള സീറ്റുകള്‍ മാറ്റണമെന്ന വർഷങ്ങളായുള്ള യാത്രക്കാരുടെ ആവശ്യമാണ് റെയില്‍വേ അംഗീകരിച്ചത്.
വന്ദേ ഭാരതിനുശേഷം കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിനായ ജനശതാബ്ദിയിലെ എല്‍ ഷേപിലുള്ള സീറ്റുകള്‍ ദീർഘയാത്രകള്‍ക്ക് അനുയോജ്യമല്ലെന്ന തരത്തില്‍ വ്യാപകമായി പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റുകള്‍ നവീകരിക്കാൻ റെയില്‍വേ തീരുമാനിച്ചത്.
നിലവിലെ സീറ്റുകള്‍ ദീർഘദൂര യാത്രക്കാരില്‍ കടുത്ത കഴുത്തുവേദനയും നടുവേദനയുമുണ്ടാക്കുന്നുണ്ടെന്നായിരുന്നു പരാതി. പുഷ്ബാക്ക് സീറ്റുകള്‍ വന്നതോടെ ദൂരസ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനിമുതല്‍ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാനും സുഖമായി ഇരുന്നുറങ്ങാനും സാധിക്കും.
റെയില്‍വേ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയിലാണ് മാറ്റിയ കോച്ചുകള്‍ ആദ്യ ഘട്ടത്തില്‍ അവതരിപ്പിച്ചത്. അടുത്ത ഘട്ടത്തില്‍ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയിലും ഈ മാറ്റം വരുമെന്ന് റെയില്‍വേ അറിയിച്ചു. പുതിയ പുഷ്ബാക്ക് സീറ്റുകളില്‍ യാത്രക്കാർക്ക് മുന്നിലായി ചായയോ കുപ്പിവെള്ളമോ വയ്ക്കുന്നതിനുള്ള ട്രേ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.






