അയ്മനം: അയ്മനം ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതി’യുടെ ഭാഗമായുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം ആരംഭിക്കുന്നു. പദ്ധതിക്കായി അപേക്ഷ സമർപ്പിച്ച ഗുണഭോക്താക്കൾക്ക് മൂന്ന് ഘട്ടങ്ങളായാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. മണർകാട് സർക്കാർ ഫാമിൽ വിരിയിച്ച് എഗ്ഗർ നഴ്സറിയിൽ വളർത്തിയ 45 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയാണ് നൽകുന്നത്.
ഒന്നാം ഘട്ടത്തിൽ 1 മുതൽ 5 വരെയുള്ള വാർഡുകളിലെ ഗുണഭോക്താക്കൾക്കാണ് വിതരണം. ഇതിനായുള്ള ടോക്കൺ വിതരണം ഒക്ടോബർ 12 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഒളശ്ശ വെറ്ററിനറി ആശുപത്രിയിൽ നടക്കും. വാർഡ് 1, 2 എന്നിവർക്ക് രാവിലെ 10 മണിക്കും വാർഡ് 3, 4, 5 എന്നിവർക്ക് 11 മണിക്കും ടോക്കൺ ലഭിക്കും. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ടോക്കൺ വിതരണം.
വാർഡ് മെമ്പർ നൽകുന്ന സാക്ഷ്യപത്രം, റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നീ രേഖകൾ ഹാജരാക്കിയാണ് ടോക്കൺ കൈപ്പറ്റേണ്ടത്.
തുടർന്ന് ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 8:30 മുതൽ വെറ്ററിനറി ആശുപത്രിയിൽ വെച്ച് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. തിങ്കളാഴ്ച ലഭിച്ച ടോക്കണും ഗുണഭോക്തൃ വിഹിതമായ 50 രൂപയും നൽകി കോഴികളെ കൈപ്പറ്റാം.
പ്രത്യേക ശ്രദ്ധയ്ക്ക്:
പ്ലാസ്റ്റിക് കൂടുകൾ കോഴികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ, കോഴികളെ കൊണ്ടുപോകാൻ എത്തുന്നവർ കാർഡ്ബോർഡ് ബോക്സുകൾ കരുതണം.
കോഴിക്കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ഒരാഴ്ച കോഴിത്തീറ്റ നൽകി പരിപാലിക്കേണ്ടതും, തുടർന്ന് അടുക്കളഭക്ഷണം നൽകാവുന്നതുമാണ്.






