രുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ട്.
കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ പെട്ടി പോലും പൊട്ടിക്കാതെയാണ് അനാഥമായി കിടക്കുന്നത്. വെന്റിലേറ്ററുകള്‍, ഡിജിറ്റല്‍ എക്സ്-റേ, മാമോഗ്രാം മെഷീനുകള്‍, ഡയാലിസിസ് മെഷീനുകള്‍ എന്നിവ ഉള്‍പ്പെടെ ഉപയോഗിക്കാത്ത നിലയില്‍ കണ്ടെത്തി. റിപ്പോർട്ട് ആരോഗ്യ സെക്രട്ടറി ആരോഗ്യമന്ത്രിക്ക് നല്കി. വിവിധ ആശുപത്രികളിലെ ഉപകരണങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചു.
മുൻപ് കെഎംഎസ്സിഎല് വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ ഉപയോഗശൂന്യമായ വിവരം പുറത്തുവന്നിരുന്നു. അതില്‍ അന്വേഷണം നടക്കുമ്പോഴാണ് മെഡിക്കല്‍ ഉപകരണങ്ങളുടെ റിപ്പോർട്ട് പുറത്തുവരുന്നത്. വിവിധ ആശുപത്രികളിലായി വാങ്ങിക്കൂട്ടിയ 450 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇതുവരെയും ഉപയോഗിച്ചിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ടില്‍ പറയുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ വാങ്ങിയ ഉപകരണങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഉപകരണങ്ങള്‍ ഓരോന്നിനും മൂന്നു ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരും.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നല്കി. ഉപകരണങ്ങള്‍ വാങ്ങി ഭദ്രമായി വെച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ മുരളീധരൻ അറിയിച്ചു. ആരോഗ്യവകുപ്പിനെ വെള്ളാനയാക്കി മാറ്റുന്ന കുറേ ആളുകള്‍ വകുപ്പിലുണ്ട്. ഓരോന്നായി കണ്ടുപിടിച്ച് നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. എൻഎച്ച്എം, ഡിഎംഇ വാങ്ങിയ ഉപകരണങ്ങളുടെ കണക്കുകള്‍ കൂടി എടുക്കാൻ മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. മൂന്നുലക്ഷത്തില്‍ താഴെയുള്ള ഉപകരണങ്ങളുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.






