കോഴിക്കോട്: സംസ്ഥാനസ്കൂള്‍ കായിക മേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന വിവാദത്തില്‍ അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം.
കുന്നമംഗലം ജുഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ജിജോ ജെയിംസിന് ജാമ്യം അനുവദിച്ചത്.
കായിക മേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസിലാണ് എറണാകുളം വെസ്റ്റ് വെങ്ങോല ശാലോം വി എച്ച് എസ് എസിലെ കായികാധ്യാപകന് ജിജോ ജെയിംസ് അറസ്റ്റിലായത്. കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ പ്രതിച്ഛായ തകർക്കുന്നതിനും മേളയുടെ സുഗമമായ നടത്തിപ്പ് തടസ്സപ്പെടുത്തുന്നതിനുമായി ബോധപൂർവമായ നീക്കം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.
കായികമേളയുടെ സംഘാടകരും സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിയും സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ ഇടപെടലുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. കോഴിക്കോട് എൻഐടി മൈതാനത്ത് നടക്കുന്ന കായികമേളയുടെ ഭക്ഷണവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. കായികതാരങ്ങള്‍ക്കും മറ്റുള്ളവർക്കുമായി തയ്യാറാക്കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്നായിരുന്നു ആരോപണം. ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന് അവകാശപ്പെട്ട് ജിജോ ജെയിംസ് ഫേസ്ബുക്ക് ലൈവിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.
സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകളും പ്രതിഷേധങ്ങളും ഉയർന്നു. സംഭവത്തെ തുടർന്ന് ഭക്ഷണവിതരണ കേന്ദ്രത്തില്‍ സംഘർഷാവസ്ഥ രൂപപ്പെടുകയും കായികമേളയുടെ നടത്തിപ്പിനെ ബാധിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. എന്നാല്‍, ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം സംഘാടകർ നിഷേധിച്ചു. പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയില്‍ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതായാണ് പൊലീസിന്റെ വിശദീകരണം. ഭക്ഷണത്തില്‍ നിന്ന് ലഭിച്ചതെന്ന വ്യാജേന പുഴുവിനെ പ്രദർശിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചുവെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറില്‍ പറയുന്നത്
മേളയുടെ സമാധാന അന്തരീക്ഷം തകർക്കാനും പൊതുജനങ്ങളിലും കായികതാരങ്ങളിലും ആശങ്ക സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചതെന്നാണ് പൊലീസ് കേസ്. കലാപത്തിന് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന ആരോപണവും കേസിലുണ്ട്.






