കൊച്ചി: ചേരാനല്ലൂർ അപകടത്തില്‍ കോടതിയില്‍ ഏറ്റുമുട്ടി പ്രോസിക്യൂഷനും, മരിച്ച ജയപാലകൃഷ്ണന്റെ കുടുംബവും. അന്വേഷണത്തിന് കുടുംബം തടസ്സം നില്ക്കുന്നതായി പ്രോസിക്യൂഷനും, തങ്ങള്‍ക്ക് പ്രോസിക്യൂഷൻ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കുടുംബവും പറഞ്ഞു.
അന്വേഷണത്തെ സമ്മർദ്ദത്തില്‍ ആക്കുന്നത് അനുവദിക്കാൻ ആവില്ലെന്ന് പറഞ്ഞ കോടതി, തുടർവാദം അടച്ചിട്ട മുറിയിലേക്ക് മാറ്റി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ജഡ്ജിക്കെതിരെ ബിഎൻസ് 238 കൂടി ചുമത്തി.
17 കാരൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ഇന്ന് വാദം കേട്ടത്. കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ഉള്‍പ്പെടെ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ഇതിനിടയാണ് ജയബാലകൃഷ്ണന്റെ കുടുംബം അന്വേഷണത്തിന് തടസ്സം നില്ക്കുന്നതായി പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചത്. അന്വേഷണത്തെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുൻപിലും പൊതു സമൂഹത്തിലേക്കും ജയബാലകൃഷ്ണന്റെ അഭിഭാഷകർ നല്കി എന്നായിരുന്നു ആരോപണം. എന്നാല്‍ അടിസ്ഥാന രേഖകള്‍ പോലും തരാതെ പ്രോസിക്യൂഷൻ നിസ്സഹകരണം നടത്തുന്നതായി ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു.
പ്രോസിക്യൂഷൻ അഭിഭാഷക ഏഴുവർഷമായി കോടതിയില്‍ ഉണ്ടെന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ പ്രത്യേകമായി നല്‍കണമെന്നും കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടെന്നും ഇപ്പോള്‍ പറയാൻ ആകില്ലെന്നും ജയബാലകൃഷ്ണന്റെ കുടുംബം പറഞ്ഞു. എന്നാല്‍ വാദം അടച്ചിട്ട കോടതിയിലേക്ക് മാറ്റാമെന്ന് പറയുകയായിരുന്നു കോടതി. അന്വേഷണം ഏജൻസിയെ സമ്മർദ്ദത്തില്‍ ആക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു. അതിനിടെ ജയബാലകൃഷ്ണന്റെ മകളുടെ പരാതിയില്‍ 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിക്കെതിരെ തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചതിനുള്ള വകുപ്പ് കൂടി ചുമത്തി. പ്രത്യേകം കേസെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടതെങ്കിലും നിലവിലുള്ള എഫ്ഐആറില്‍ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുള്ള ബിഎൻസ് 238 കൂടി ചേർക്കുകയായിരുന്നു.






