കൊല്ലം: നിതീഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ' മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളില്‍ നിറയുകയാണ്.
ചിത്രം ഹിറ്റായതോടെ സോഷ്യല്‍ മീഡിയ വഴി ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് ജടായു പാറയെക്കുറിച്ചാണ്. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ജടായു പാറയിലേക്ക് എത്താൻ നിരവധി പേരാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്. ചിത്രം ഇറങ്ങി
ഒരാഴ്ച പിന്നിടുമ്പോള്‍ ദിനംപ്രതി നിരവധിപേരാണ് ഇവിടെ എത്തുന്നത്. ജാടയു പാറയുടെ സവിശേഷതയെ കുറിച്ച് പരിശോധിക്കാം.
സമുദ്രനിരപ്പില്‍ നിന്ന് 350 മീറ്റർ (1,150 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദ്രം കാണാത്ത മലയാളികള്‍ കുറവായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പങ്ങളില് ഒന്നാണ് ഇത്. ഇതിന്റെ മുകളിലെത്താൻ കേബിള്‍ കാർ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സ്വിറ്റ്സർലൻഡില്‍നിന്ന് ഇറക്കുമതി ചെയ്ത 16 കേബിള്‍ കാറുകളാണ് ഇവിടെ ഉള്ളത്. ഹെലികോപ്റ്ററില്‍ ജടായു പാറയുടെ ആകാശ കാഴ്ചയും ആസ്വദിക്കാം. ഫ്രീ ക്ലൈമ്പിംഗ്, റോക്ക് ക്ലൈമ്പിംഗ്, ചിമ്മിനി ക്ലൈമ്പിംഗ്, കമാൻഡോ നെറ്റ്, ബർമ ബ്രിഡ്ജ് തുടങ്ങിയ ഇരുപതോളം സാഹസിക വിനോദങ്ങളും സാഹസപ്രിയരെ ഇവിടെ കാത്തിരിക്കുന്നു.
15000 ചതുരശ്രയടി സ്ഥലത്താണ് ശില്പം ഒരുക്കിയിരിക്കുന്നത്. പൂർണമായും ശീതീകരിച്ച ശില്പത്തിനുള്ളിലേക്ക് കടന്നാല്‍ കാത്തിരിക്കുന്നത് അപൂർവകാഴ്ചകളാണ്. ഓഡിയോ വിഷ്വല്‍ മ്യൂസിയം, 6ഡി തിയേറ്റർ എന്നിവയുണ്ട്. ശില്പത്തിനോട് ചേർന്ന് സ്ഥാപിക്കുന്ന സിനിമാ തിയേറ്ററില്‍ 25 പേർക്ക് ഇരിപ്പിടമുണ്ടാകും.
ഐതിഹ്യം
ഇതിഹാസം അനുസരിച്ച് രാവണൻ സീതയെ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോള്‍ ജടായു രക്ഷിക്കാൻ ശ്രമിച്ചു. ജടായും രാവണനോട് ധീരമായി പോരാടി. എന്നാല്‍ രാവണൻ തന്റെ ആയുധം ഉപയോഗിച്ച് ജടായുവിന്റെ ചിറക് മുറിച്ചു. പിന്നാലെ ചടയമംഗലത്തെ പാറയില്‍ ജടായു വീണു. സീതയെ അന്വേഷിക്കുന്നതിനിടെ രാമനും ലക്ഷ്മണനും ജടായുവിനെ കാണുകയും മരിക്കുന്നതിന് മുൻപ് സീതയെ ലങ്കയില്‍ കൊണ്ടുപോയ വിവരം ജടായു ഇവരോട് പറയുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ഇവിടെയാണ് പിന്നീട് ജടായുവിന്റെ വലിയ ശില്പം നിർമ്മിച്ച് ഒരു വിനോദ കേന്ദ്രമാക്കി മാറ്റിയത്.






