കൊല്ലം: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിച്ച പ്രതികള്‍ പോലീസ് പിടിയില്‍.
കേസിലെ മുഖ്യപ്രതികളായ അരുണ്‍ എസ്രാ, മേരി ലോപ്പസ് എന്നിവരെയാണ് ചണ്ഡീഗഡില്‍ എത്തി പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. തട്ടിപ്പിന് ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.
മൊബൈല്‍ ഫോണുകള്‍ പോലും ഉപയോഗിക്കാതെ പ്രതികള്‍ കടന്നത് പോലീസിന് വലിയ തലവേദനയായി. ഇതിനിടെ ഇവർ ഉത്തരേന്ത്യയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച പോലീസ് പ്രതികളെ പിടികൂടാൻ ഉത്തരേന്ത്യയിലേക്ക് പോവുകയായിരുന്നു.
ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്താണ് പോലീസിന്റെ അന്വേഷണം. പോലീസ് എത്തിയതിന്റെ സൂചന ലഭിച്ചതോടെ പ്രതികള്‍ മണാലിയിലെ ഒളിത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ട് ചണ്ഡീഗഡിലേക്ക് കടന്നു.
പ്രതികളെ പിന്തുടർന്ന പോലീസ്, 9-ന് പുലർച്ചെ മൂന്ന് മണിയോടെ സെക്ടർ 17-ലെ ഡൗണ്ടൗണ് ഹോട്ടല്‍ പരിസരത്തു നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജിജിയുടെ നിർദേശപ്രകാരം എ.സി.പി ഷാജി സുഗുണൻ, സി.ഐ രാജേഷ്, എസ്.എച്ച്.ഒ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഏകോപിപ്പിച്ചത്.
അഞ്ചാലുംമൂട് പോലീസ് സബ് ഇൻസ്പെക്ടർ സാന്റോ പി.എ., സീനിയർ സിവില്‍ പോലീസ് ഓഫീസർ റോസി സേവിയർ, സിവില്‍ പോലീസ് ഓഫീസർമാരായ വിഘ്നേഷ്, സുനിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യംചെയ്ത് കൊല്ലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.






