ജിറുസലേം: ഇസ്രയേല്‍ പാർലമെന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഫോട്ടോ ഫിനിഷിലേക്ക്.
തൂക്കുസഭയെന്ന് ആദ്യ ഫല സൂചനകള്‍. ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം കിട്ടില്ലെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന വിധത്തിലാണ് പുറത്ത് വരുന്ന ഫല സൂചനകള്‍ നല്‍കുന്നത്.
ഇഞ്ചോടിഞ്ച് മത്സരം ആയതിനാല്‍ കൃത്യമായ പ്രവചനം അസാധ്യമാണ്. ഏറ്റവും ഒടുവില്‍ വന്ന എക്സിറ്റ് പോളുകളില്‍ ബെഞ്ചമിൻ നെതന്യാഹു സഖ്യത്തിന് നേരിയ മുൻതൂക്കം ലഭിക്കുമെന്നാണ് പറയുന്നത്.
സർക്കാർ രൂപീകരണത്തില്‍ അറബ് പാർട്ടികളുടെ നിലപാട് നിർണായകമാകും. ഇന്ത്യന്‍ സമയം ഉച്ചയോടെ വ്യക്തമായ ഫലസൂചന ലഭിക്കും.
2023 ഒക്ടോബർ ഏഴിന് രാജ്യത്തിന് നേരെയുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയവും ഹമാസ് ആക്രമണവും ഇസ്രയേലിന്റെ സൈനിക നടപടികളുമാണ്.
ഇസ്രയേലിന്റെ ശത്രുക്കള്‍ക്കെതിരെ രാജ്യം സ്വീകരിച്ച സൈനിക നടപടികളും സൈനിക വിജയങ്ങളും ഉയർത്തിക്കാട്ടിയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഭരണപക്ഷമായ ലികുദ് പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. എന്നാല്‍, ഒക്ടോബർ ഏഴിലെ സുരക്ഷാവീഴ്ചയടക്കമാണ് പ്രതിപക്ഷ നേതാവായ ഐസൻകോട്ടും അദ്ദേഹത്തിന്റെ പാർട്ടിയായ യാഷാർ പാർട്ടിയും പ്രചാരണത്തില്‍ മുഖ്യവിഷയമാക്കിയത്.
1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദിയാക്കുകയും ചെയ്ത ഒക്ടോബർ 7 ആക്രമണത്തില്‍ അന്വേഷണ കമ്മീഷൻ സ്ഥാപിക്കുമെന്നതാണ് ഐസൻകോട്ടിന്റെ പ്രധാന വാഗ്ദാനം. ഇതിനൊപ്പം ഗാസയുടെ ഭാവി, തീവ്ര യഥാസ്ഥിതികരായ യുവാക്കള്‍ക്ക് നിർബന്ധിത സൈനിക സേവനം തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ചർച്ചയായിരുന്നു.






