വിശാഖപട്ടണം: അർണബ് ചുഴലിക്കാറ്റ് കര തൊട്ടു.
ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളില്‍ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വെസ്റ്റ് ഗോദാവരി ജില്ലയിലെ നരസ്പൂറിന് സമീപമാണ് ചുഴലിക്കാറ്റ് കര തൊട്ടത്.
വിശാഖപട്ടണത്തും കാക്കിനടയിലും അതിശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. 125 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്.
അടുത്ത നാല് മണിക്കൂർ കൂടി കാറ്റ് ഇതേ വേഗതയില്‍ തുടരും. നിരവധി മരങ്ങള്‍ കടപുഴകി വീണു. ബോട്ടുകള്‍ ഒഴുകിപ്പോയതായും റിപ്പോർട്ട്.
ചുഴലിക്കാറ്റ് കരതൊടുന്ന സമയത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 150 കിലോമീറ്റർ വരെ എത്താമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ വേലിയേറ്റനിരപ്പിനേക്കാള് ഒന്നര മുതല്‍ രണ്ടര മീറ്റർ വരെ കടല്‍വെള്ളം ഉയരാൻ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കി.
തീരദേശത്തുനിന്ന് ആയിരക്കണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മുൻകരുതലിന്റെ ഭാഗമായി ട്രെയിൻ, വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, അർണബ് കര തൊടുന്നതിന് മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. റിക്ടർ സ്കെയിലില്‍ 4.52 രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പില്ല.






