കൊച്ചി: "ഇന്റർനെറ്റ് ഇല്ലല്ലോ, ക്യാമറകള്‍ക്ക് വിശ്രമമായിരിക്കും" എന്ന് കരുതി റോഡില്‍ നിയമം ലംഘിച്ചവർക്ക് ഇനി നെഞ്ചിടിപ്പിന്റെ നാളുകള്‍.
കുടിശിക കാരണം കണക്ഷൻ കട്ടായതോടെ ദൃശ്യങ്ങള്‍ അയക്കുന്നത് നിർത്തിവെച്ചിരുന്ന എഐ ക്യാമറകള്‍ വീണ്ടും സജീവമായി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി റോഡില്‍ ക്യാമറകള്‍ ഒപ്പിയെടുത്ത നിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ കാക്കനാട് കലക്ടറേറ്റിലെ ആർടിഒ കണ്ട്രോള് റൂമിലേക്ക് പ്രവഹിച്ചു തുടങ്ങി. ജില്ലയിലെ റോഡുകളില്‍ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറകളില്‍ നിന്ന് കഴിഞ്ഞ 29 മുതല്‍ റോഡിലെ ദൃശ്യങ്ങളൊന്നും കണ്ട്രോള് റൂമില്‍ ലഭിച്ചിരുന്നില്ല. ക്യാമറകളുടെ ചുമതലക്കാരായ കെല്‍ട്രോണ്‍ കുടിശിക നല്കാത്തതിനാല് ജിയോ കമ്പനി ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതാണ് കാരണം. സർക്കാരാണ് കെല്‍ട്രോണിനു പണം നല്‍കേണ്ടിയിരുന്നത്.
ഇതു ലഭിച്ചില്ലെങ്കിലും കെല്‍ട്രോണ്‍ തന്നെ ഫണ്ട് കണ്ടെത്തി കുടിശിക അടയ്ക്കുകയായിരുന്നു. രണ്ടാഴ്ചയായി കെട്ടിക്കിടന്നിരുന്ന നിയമ ലംഘന ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ട്രോള് റൂമില്‍ ലഭിക്കുന്നത്. ഇന്റർനെറ്റ് വിഛേദിച്ചതോടെ ദൃശ്യങ്ങള്‍ അയയ്ക്കുന്നത് നിർത്തിയെങ്കിലും ദൃശ്യങ്ങള്‍ പകർത്തുന്ന ജോലി ക്യാമറ നിർവഹിക്കുന്നുണ്ടായിരുന്നു. ജില്ലയിലെ വിവിധ റോഡുകളിലായി 63 ക്യാമറകളാണ് മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇതില്‍ 11 ക്യാമറകള്‍ പല സമയങ്ങളിലായി തകരാറിലാണ്. ശേഷിക്കുന്ന 52 ക്യാമറകളാണ് റോഡിലെ ഗതാഗത നിയമ ലംഘനം പകർത്തി കണ്ട്രോള് റൂമിലേക്ക് അയയ്ക്കുന്നത്
ഇരുപതിനായിരത്തോളം നിയമ ലംഘന ദൃശ്യങ്ങള്‍ രണ്ടാഴ്ച കൊണ്ട് ക്യാമറകള്‍ ശേഖരിച്ചു വച്ചിരുന്നു. ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതോടെ ഇവയാണ് ക്യാമറകളില്‍ നിന്ന് ആദ്യം ലഭിക്കുന്നത്. മാസം തോറും 35,000-40,000 നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ക്യാമറകള്‍ വഴി ലഭിച്ച നിയമ ലംഘനങ്ങളുടെ പേരില്‍ വാഹനങ്ങള്‍ക്ക് 80.50 കോടി രൂപ ഇതുവരെ പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ 30 കോടിയോളം രൂപ പിരിഞ്ഞു കിട്ടുകയും ചെയ്തു. കെല്‍ട്രോണിന്റെ 10 ജീവനക്കാരാണ് കണ്ട്രോള് റൂമില്‍ ജോലി ചെയ്യുന്നത്.






