ഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക നല്‍കേണ്ട സമയം അവസാനിച്ചു.
നിലവിലെ അധ്യക്ഷ പിടി ഉഷ നാമനിർദ്ദേശ പത്രിക നല്‍കിയില്ല. അധ്യക്ഷ സ്ഥാനത്തേക്ക് മുൻ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ അടക്കം മൂന്ന് പേർ പത്രിക നല്കി.
അഞ്ജു ബോബി ജോർജ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നല്കി. ഡിസംബർ അഞ്ചിനാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ഐസ് ഹോക്കി ഫെഡറേഷൻ വഴി ജനറല്‍ അസംബ്ലിയിലേക്ക് എത്തിയ പിടി ഉഷ മത്സരിക്കുമെന്ന് ശക്തമായ സൂചനയുണ്ടായിരുന്നെങ്കിലും പത്രിക നല്കാൻ എത്തിയില്ല. ഇതോടെ ഐഒഎ അധ്യക്ഷ സ്ഥാനത്തുനിന്നും ഉഷയുടെ പടിയിറക്കം ഉറപ്പായി.
അധ്യക്ഷ സ്ഥാനത്തേക്ക് വൻ ചരടുവലികളാണ് അവസാന നിമിഷം വരെ നടക്കുന്നത്. ഡൽഹിയിലെ ബിജെപി നേതാവായ വീരേന്ദ്ര സച്ദേവ, മുൻ ഷൂട്ടിംഗ് താരം ഗഗൻ നരംഗ്, മുൻ ഐഒഎ സെക്രട്ടറി ജനറല്‍ സഞ്ജീവ് മേത്ത എന്നിവരാണ് പത്രിക നല്‍കിയത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് അഞ്ജു ബോബി ജോർജ് മത്സരിക്കുന്നത്. സച്ദേവയും ഗഗൻ നരംഗും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പത്രിക നല്‍കിയിട്ടുണ്ട്. സച്ദേവയുടെ പാനലിനൊപ്പമാണ് അഞ്ജുവെന്നാണ് സൂചന.






