കോട്ടയം : ഓർത്തഡോക്സ് സഭയെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ നീക്കത്തിന് തിരിച്ചടി. സഭയ്ക്ക് ആഴത്തില്‍ മുറിവേറ്റെന്നും നീതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ചർച്ചകള്‍ക്ക് തയ്യാറല്ലെന്നും സഭാ നേതൃത്വം പ്രതികരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് മുഖ്യമന്ത്രി കോട്ടയം ദേവലോകം അരമനയിലെത്തി സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയത്. മണർകാട്,കോതമംഗലം, റാക്കാട് പള്ളികളില്‍ പാത്രിയർക്കീസ് ബാവായുടെ സന്ദർശനത്തിലെ അതൃപ്തി കാതോലിക്കാ ബാവാ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കില്ലെന്നും, നിയമവിരുദ്ധമായതൊന്നും സർക്കാർ ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓർത്തഡോക്സ് - യാക്കോബായ സഭകള്‍ യോജിച്ച് പോകണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തോട് നിലവിലെ അന്തരീക്ഷത്തില്‍ സമാധാന ചർച്ചകള്‍ ഫലപ്രാപ്തിയിലെത്തില്ലെന്നുമായിരുന്നു ബാവയുടെ മറുപടി. തുടർന്ന് ആട്ടിൻകുന്ന് പള്ളിയിലെ പ്രശ്നം പരിഹരിക്കാൻ നിർദ്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമാധാന ചർച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നിലപാടെടുത്തതിലുള്ള അമർഷവും സഭാനേതൃത്വം അറിയിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയ അജണ്ട സംശയിക്കുന്നു. ഒരു ഘടകകക്ഷി മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് പാത്രിയർക്കീസ് ബാവ ആട്ടിൻകുന്ന് പള്ളിയില്‍ പ്രവേശിച്ചതെന്നും ആരോപിച്ചു. കാതോലിക്കാ ബാവയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.






