കോട്ടയം: കുട്ടിഡ്രൈവര്‍മാരുടെ നിരത്തു വിളയാട്ടം അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. നെടുമ്പാശേരിയിലും തൃശൂരിലും കണ്ടതിനു സമാനമായി കഴിഞ്ഞ ദിവസം തെങ്ങണയിലും സാഹസിക ഡ്രൈവിങ്ങുണ്ടായതോടെയാണ് വകുപ്പ് കര്‍ശന നടപടിയുമായി രംഗത്തിറങ്ങുന്നത്.
ലൈസന്‍സില്ലാതെ വണ്ടിയുമായി ഇറങ്ങുന്നവരെയും ലൈസന്‍സ് ലഭിച്ചാലുടന്‍ മരണയോട്ടം നടത്തുന്നവരെയും പ്രത്യേകം നിരീക്ഷിക്കാനാണു പദ്ധതി. കോളജ് കാമ്പസുകളോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും വകുപ്പ് ആലോചിക്കുന്നു.
ജില്ലയിലും ഏതാനും നാളുകളായി ഇത്തരം അപകട യാത്രകള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം തെങ്ങണയില്‍ ടയര്‍ പൊട്ടി തീപ്പൊരി പറന്നിട്ടും വേഗം കുറയ്ക്കാതെ 18കാരന്റെ അപകടകരമായ ഡ്രൈവിങ്ങ് നാട്ടുകാരെ ഭീതിയിലാക്കിയിരുന്നു. പാമ്പാടിയില്‍ കുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തി അപകടകരമായ രീതിയില്‍ യാത്ര ചെയ്ത സംഭവം ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു.വാഹനങ്ങളുടെ ഡോര്‍, വിന്‍ഡോ തുടങ്ങിയ തുറന്ന ഭാഗങ്ങളില്‍ തൂങ്ങി നിന്നും പുറത്തേക്കിറങ്ങിയും നടത്തുന്ന യാത്ര പലയിടങ്ങളിലും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈരാറ്റുപേട്ടയില്‍ വിവാഹാഘോഷത്തിന്റെ ഭാഗമായി നടത്തിയ അപകടകരമായ വാഹനയാത്രയുണ്ടായതും സമീപകാലത്താണ്.
2019ല്‍ ഭേദഗതി വരുത്തിയ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിലെ സെക്ഷന്‍ 199 എ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ മൂന്നു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 10,000 രൂപ അധിക പിഴയും ഈടാക്കും. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ് പൂര്‍ത്തിയാകുന്നതുവരെ ലേണേഴ്സ് ലൈസന്‍സോ ഡ്രൈവിങ് ലൈസന്‍സോ അനുവദിക്കില്ല.
വാഹനത്തിന്റെ രജിസ്ട്രേഷന് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. ഈ പ്രായം തികയാത്ത കുട്ടികള്‍ക്ക് വാഹനത്തിന്റെ താക്കോല്‍ നല്‍കരുതെന്ന സന്ദേശവുമായി കഴിഞ്ഞ വര്‍ഷം മോട്ടോര്‍ വാഹനവകുപ്പ് നോ കീ ഫോര്‍ കിഡ്സ് പരിപാടി സംഘടിപ്പിച്ചിരുന്നു.
എന്നിട്ടും കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന സംഭവങ്ങള്‍ തുടരുകയാണ്. മോട്ടോര്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം സ്കൂളുകള്‍ കേന്ദ്രീകരിച്ചും കുട്ടികള്‍ ഒത്തുചേരുന്ന പ്രധാന കേന്ദ്രങ്ങളിലും എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ പരിശോധന ശക്തമാക്കും. പ്രധാന റോഡുകള്‍ക്കു പുറമേ സ്കൂള്‍, കോളജ് പരിസരങ്ങളിലും വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. പിടിയിലാകുന്ന കേസുകള്‍ തുടര്‍നടപടികള്‍ക്കായി കോടതിക്കു കൈമാറാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാമെടുത്തിട്ടുണ്ട്.






