ഡൽഹി: ഒരിക്കല്‍ പോയാല്‍ തിരികെയെത്തുക അതീവ ദുഷ്കരമായ ലോകത്തിലെ ഏറ്റവും ദുരൂഹമായ സ്ഥലങ്ങളില്‍ ഒന്നാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ നോർത്ത് സെന്റിനല്‍ ദ്വീപ്.
ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിന്റെ ഭാഗമായ ഈ ചെറിയ ദ്വീപ്, പുറംലോകവുമായി യാതൊരു ബന്ധവും പുലർത്താത്ത സെന്റിനലീസ് ഗോത്രവർഗത്തിന്റെ വാസസ്ഥലമായാണ് അറിയപ്പെടുന്നത്. കനത്ത വനങ്ങളാല്‍ ചുറ്റപ്പെട്ട ഈ ദ്വീപിലേക്ക് സാധാരണക്കാർക്ക് പ്രവേശനം പൂർണമായും നിരോധിച്ചിരിക്കുകയാണ്.
പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹം ഇവിടുണ്ട് എന്ന് തന്നെ പറയാം. ദ്വീപിലേക്ക് ചെല്ലുന്നവരെ ആക്രമിച്ചു കൊല്ലുകയാണ് ഇവരുടെ പതിവ്. 60,000 വർഷമായി ഇവർക്ക് പുറംലോകവുമായി ബന്ധമില്ലെന്ന് നരവംശ ഗവേഷകർ പറയുന്നു. ടൂറിസ്റ്റുകള്‍ പോയിട്ട്, മീൻപിടുത്തക്കാർ പോലും ഈ വശത്തേക്ക് അടുക്കില്ല. 2006ല്‍ ഇവിടെ എത്തിയ രണ്ട് മീൻപിടുത്തക്കാരെ കൊന്നതാണ് ഏറ്റവും ഒടുവില്‍ പുറംലോകം അറിഞ്ഞത്.
താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാല്‍ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യും. ഇന്ത്യയുടെ ഭാഗമാണെങ്കിലും ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ പുറംലോകത്തിന് അറിയില്ല.
ശിലായുഗത്തിന് തുല്യമായ അവസ്ഥയില്‍ തന്നെ ജീവിക്കുന്ന മനുഷ്യരെ ബന്ധപ്പെടാൻ ഇന്ത്യൻ സർക്കാർ ഒട്ടേറെ തവണ ശ്രമിച്ചുവെങ്കിലും കാര്യം നടന്നില്ല. ദ്വീപിന് ചുറ്റും മൂന്ന് മൈല്‍ ചുറ്റളവില്‍ നിരോധിത മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രവേശിക്കുന്നതും അവിടുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതും കുറ്റകരമാണിപ്പോള്‍.
ഒറ്റപ്പെട്ട് ജീവിക്കുന്നതിനാല്‍ പകർച്ചവ്യാധികള്‍ പിടിപെട്ട് ഈ സമൂഹം തന്നെ ഇല്ലാതാകാനുള്ള സാദ്ധ്യത ഏറെയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാല്‍ പുറംലോകത്തു നിന്ന് എത്തുന്നവരെ നേരിടാൻ ഇവർ അസാമാന്യ കരുത്തും ചങ്കൂറ്റവും പ്രകടിപ്പിക്കുന്നു. വേട്ടയാടിയും മീൻപിടിച്ചുമാണ് ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്. കൈയില്‍ കിട്ടുന്നതെന്തും ഭക്ഷിക്കുന്നവരാണ് ഈ ദ്വീപ് നിവാസികള്‍.






