ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിനുനേരേയുള്ള പ്രതിഷേധത്തിന്റെ അടുത്തഘട്ടമാണ് സുപ്രീംകോടതിയിലേക്ക് ഇന്ത്യസഖ്യം
ഇതിന്റെ ഭാഗമായി പ്രതിപക്ഷനേതാക്കൾ തിങ്കളാഴ്ച ചീഫ് ജസ്റ്റിസിനെ സമീപിച്ചേക്കും. ഇതോടൊപ്പം, തിരഞ്ഞെടുപ്പുകമ്മിഷണർമാരുടെ നിയമനത്തിലെ ക്രമക്കേടുകളുമെല്ലാം സുപ്രീംകോടതിയെ പോരാട്ടഭൂമിയാക്കും.
എസ്.ഐ.ആർ. നടപടികൾ സുപ്രീംകോടതി ശരിവെച്ചതാണെങ്കിലും രണ്ടുതിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ അനുമതി അവയ്ക്ക് ഉണ്ടായിരുന്നില്ലെന്ന റിപ്പോർട്ടുകൾ ഉയർത്തിയാകും സുപ്രീംകോടതിയിൽ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ.
ഫോം ആറിൽ ഭേദഗതി വരുത്തിയത് നിയമവിരുദ്ധമാണെന്ന വാദവും സുപ്രീംകോടതിയിൽ ഉയരും.
ഇതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെയും രണ്ട് കമ്മിഷണർമാരുടെയും നിയമനം നടപടിക്രമങ്ങൾ പാലിക്കാതെയെന്നുകാട്ടിയുള്ള ഹർജിയും എത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിനായി 2023-ൽ കേന്ദ്രം കൊണ്ടുവന്ന നിയമത്തിലെ നടപടിക്രമങ്ങൾ ഇവരുടെ കാര്യത്തിൽ പാലിക്കപ്പെട്ടില്ലെന്നുകാട്ടി സൂരി പയാല നൽകിയ ഹർജിയിൽ കഴമ്പുള്ള വാദങ്ങളാണ് ഉന്നയിച്ചുകാണുന്നത്.
2023-ലെ നിയമത്തിന്റെ ആറാം വകുപ്പുപ്രകാരം തിരഞ്ഞെടുപ്പുകമ്മിഷണർ നിയമനത്തിന് ഒഴിവുള്ള ഓരോ തസ്തികയിലേക്കും അഞ്ചുപേരുടെ പാനലാണ് സെർച്ച് കമ്മിറ്റി തയ്യാറാക്കേണ്ടത്.
എന്നാൽ, 2024 മാർച്ചിൽ രണ്ട് കമ്മിഷണർമാരുടെ ഒഴിവിലേക്കായി ആകെ ആറുപേരുകൾ മാത്രമാണ് നിർദേശിച്ചത്.
കേന്ദ്ര സർക്കാരിൽ സെക്രട്ടറി പദവി വഹിച്ചവരും തിരഞ്ഞെടുപ്പ് നടത്തിപ്പിൽ പരിചയസമ്പത്തുമുള്ളവരായിരിക്കണം കമ്മിഷണർമാരെന്ന് അഞ്ചാം വകുപ്പിൽ പറയുന്നു.
എന്നാൽ, ഗ്യാനേഷ് കുമാറിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷണർ സുഖ്ബീർ സിങ് സന്ധുവിന്റെയും ഔദ്യോഗിക
പ്രൊഫൈലുകളും എക്സിക്യുട്ടീവ് റെക്കോഡ് ഷീറ്റുകളും പരിശോധിക്കുമ്പോൾ ഇവർക്ക് തിരഞ്ഞെടുപ്പിൽ പരിചയസമ്പത്തില്ലെന്നുകാണാമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.






