കൊച്ചി: രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് രാവിലെ 10 മണിമുതല്‍ ആരംഭിച്ചു.
തമിഴ്നാട്ടില്‍ ഇന്നലെമുതല്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങില്‍ വലിയ മുന്നേറ്റമാണ് ചിത്രം സ്വന്തമാക്കികൊണ്ടിരിക്കുന്നത്.
വിവിധ ടിക്കറ്റ് ബുക്കിംഗ് ആപ്പുകള്‍ വഴി സിനിമാസ്വാദകർക്ക് ടിക്കറ്റെടുക്കാവുന്നതാണ്. ഒക്ടോബർ 15ന് ആണ് സിനിമയുടെ റിലീസ്.
ജയിലർ 2 കേരളത്തില്‍ പുലർച്ചെ 6 മണിക്ക് ആദ്യ പ്രദർശനം ആരംഭിക്കും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കിയ ചിത്രത്തിന് കേരളത്തില്‍ ഓള് ടൈം റെക്കോർഡ് റിലീസാണ് ഒരുക്കുന്നത്.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കർണാടകയില്‍ വിതരണം ചെയ്യുന്നതും ശ്രീ ഗോകുലം മൂവീസ് ആണ്.
ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ബ്ലോക്ക്ബസ്റ്റർ വിജയമായ 'ജയിലർ'ക്ക് ശേഷം മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് 'ജയിലർ 2' പ്രേക്ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്






