ഡൽഹി: അഭിജിത്ത് ദീപ്കെ അടക്കമുള്ള സിജെപി നേതാക്കളെ വിമാനത്തില്‍ കയറി അറസ്റ്റ് ചെയ്ത രീതിയില്‍ എയർ ഇന്ത്യയ്ക്ക് അതൃപ്തി.
വിമാനത്തിനകത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥർ കയറുന്നതിലെ പ്രോട്ടോകോള്‍ എന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റിക്ക് എയർ ഇന്ത്യ കത്ത് നല്കി.
പൈലറ്റുമാർ അനുമതി നല്‍കും മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ദീപ്കെയുടെ സീറ്റിനടുത്തേക്ക് എത്തിയിരുന്നു എന്ന് റിപ്പോർട്ട്.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ആണ് അഭിജിത്ത് ദീപ്കെ, സൗരവ് ദാസ്, അശുദോഷ് റങ്ക തുടങ്ങിയ സിജെപി നേതാക്കള്‍ മുംബൈയില്‍ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്. രാവിലെ 10:20 ഓടെ വിമാനം ഡൽഹിയില്‍ എത്തി. മൂവരെയും കസ്റ്റഡിയിലെടുക്കുന്നതിന് മുന്നോടിയായി സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിമാനത്തിലെ മറ്റ് യാത്രക്കാർക്ക് സന്ദേശം നല്‍കിയിരുന്നു.
പൈലറ്റുമാരും ഇക്കാര്യം യാത്രക്കാരെ അനൗണ്‍സ്മെൻ്റിലൂടെ അറിയിച്ചു. കൂടാതെ, 7എ, 7ബി, 7സി എന്നീ സീറ്റുകളില്‍ ഇരുന്ന മൂവരും പുറത്തേക്ക് ഇറങ്ങണമെന്നും പൈലറ്റുമാർ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിനിടെ തന്നെ പൊലീസ് വിമാനത്തില്‍ പ്രവേശിച്ച് മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഇക്കാര്യത്തില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് എയർ ഇന്ത്യ, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റിയോട് ആരായുന്നത്.






