മുംബൈ: നടൻ ഇമ്രാൻ ഖാനെതിരേ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി.
സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് നടൻ സത്യവാങ്മൂലം സമർപ്പിച്ചാല്‍ മതിയാകില്ലെന്നും നിരുപാധികം മാപ്പപേക്ഷ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഒരു ഇന്ത്യൻ പൗരൻ വിദേശത്ത് ഇങ്ങനെയൊരു പ്രതിഷേധത്തില്‍ പങ്കെടുത്താല്‍ അവരെ അടുത്ത വിമാനത്തില്‍ തന്നെ നാടുകടത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷൻ ഓഫീസ്(FRRO) നടൻ ഇമ്രാൻ ഖാന് രാജ്യം വിടാൻ നോട്ടീസ് നല്‍കിയിരുന്നു.
ഒസിഐ(ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാർഡുടമയായ ഇമ്രാൻ ഖാൻ മുംബൈയിലെ പ്രതിഷേധസമരങ്ങളില്‍ പങ്കെടുത്തത് നിയമലംഘനമാണെന്ന് ആരോപിച്ചാണ് യുഎസ് പൗരത്വമുള്ള നടന് രാജ്യം വിടാൻ നോട്ടീസ് നല്‍കിയിരുന്നത്.
ഇതിനെതിരേയാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.
രാജ്യം വിടാനുള്ള നോട്ടീസിന് അനുവദിച്ച ഇടക്കാല സ്റ്റേ ഹൈക്കോടതി നീട്ടിനല്‍കിയെങ്കിലും നടനെതിരേ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. ഇന്ത്യയില്‍ തുടരാൻ അനുവദിക്കണമെന്നും മുംബൈയിലെ പ്രതിഷേധത്തിന്റെ സംഘാടകരുമായി തനിക്ക് ബന്ധമില്ലെന്ന് സത്യവാങ്മൂലം നല്‍കാമെന്നും നടൻ തിങ്കളാഴ്ച കോടതിയില്‍ പറഞ്ഞു.
എന്നാല്‍, കേവലം സത്യവാങ്മൂലം മതിയാകില്ലെന്നും ഒസിഐ കാർഡുടമയായ നടൻ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് നിരുപാധികം മാപ്പ് പറയണമെന്നുമായിരുന്നു കോടതിയുടെ നിർദേശം.






