ഇടുക്കി : ഇടുക്കി സിഐയുടെ ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത വാഴത്തോപ്പ് വഞ്ചിക്കവലയിലെ കെട്ടിടത്തിലാണ് ഇപ്പോൾ പുതിയ സിഐ ഓഫീസിന്റെ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. പൈനാവിൽ പുതിയ ഓഫീസ് ആരംഭിക്കണമെന്ന ജില്ലാ കളക്ടറുടെ ഔദ്യോഗിക ഉത്തരവ് അട്ടിമറിക്കപ്പെട്ടുകൊണ്ടാണ് ഇപ്പോൾ ഈ നടപടി. ജനങ്ങളുടെ ആവശ്യങ്ങളെ കാറ്റിൽപ്പറത്തിയുള്ള ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഇടുക്കി, കഞ്ഞിക്കുഴി, വനിതാ പോലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയുള്ളതാണ് പുതിയ സിഐ ഓഫീസ്. ഈ ഓഫീസ് പൈനാവിലെ ഡി33 പിഡബ്ല്യുഡി ക്വാർട്ടേഴ്സിൽ ആരംഭിക്കാൻ കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. എന്നാൽ ഈ ഔദ്യോഗിക ഉത്തരവ് നിലനിൽക്കെയാണ് ഇപ്പോൾ വാഴത്തോപ്പ് വഞ്ചിക്കവല കെഎസ്ഇബി കോളനിയിലെ സി-6 ക്വാർട്ടേഴ്സിൽ സി.ഐ ഓഫീസിന്റെ ബോർഡ് ഉയർന്നത്. ശക്തമായ രാഷ്ട്രീയ ഇടപെടലാണ് ഈ അട്ടിമറിക്ക് പിന്നിലെന്നാണ് പ്രധാന ആരോപണം.
പുതിയതായി ബോർഡ് വെച്ചിരിക്കുന്ന ഈ കെട്ടിടത്തിന് ഇതുവരെ യാതൊരുവിധ ഔദ്യോഗിക അനുമതിയും ലഭിച്ചിട്ടില്ല. മുറികളിൽ ടൈൽ പാകിയിട്ടില്ലെന്ന് മാത്രമല്ല, ഗുരുതരമായ വയറിംഗ് തകരാറുകളുമുണ്ട്. കെട്ടിടത്തിന് ചുറ്റും കാടുമൂടിക്കിടക്കുന്ന അവസ്ഥയാണ്. കളക്ടർ അനുവദിച്ച കെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളും ഉള്ളപ്പോഴാണ്, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വഞ്ചിക്കവലയിലെ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാൻ ശ്രമിക്കുന്നത്.
പൊതുജനങ്ങൾക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയാത്ത പ്രദേശങ്ങളാണ് വഞ്ചിക്കവലയും പൈനാവും. അതിനാൽ നിലവിൽ ഡിവൈഎസ്പി ഓഫീസ് പ്രവർത്തിക്കുന്ന ചെറുതോണിയിലെ പഴയ സിഐ ഓഫീസ് കെട്ടിടമാണ് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദം. ഡിവൈഎസ്പി ഓഫീസ് പൈനാവിലേക്ക് മാറ്റിയാൽ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളു.
എന്നാൽ ചില പോലീസ് ഉദ്യോഗസ്ഥരുടെ താല്പര്യങ്ങൾക്ക് വേണ്ടി ജനകീയ ആവശ്യങ്ങൾ തഴയപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്. വിഷയത്തിൽ അടിയന്തരമായി ഉന്നതതല ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






