തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി അധ്യാപകരും വിദ്യാഭ്യാസ ചാനലുകളും വിദ്യാർഥികള്‍ക്കു ക്ലാസുകള്‍ നല്‍കുന്നുണ്ട്. എന്നാൽ ഇതിന്റെ മറവില്‍ ചില സോഷ്യല്‍ മീഡിയ ചാനലുകള്‍ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു .
ഇത്തരം ചാനലുകള്‍ വിദ്യാർഥികളെ വിവിധ ഗ്രൂപ്പുകളിലേക്കും പ്ലാറ്റ്ഫോമുകളിലേക്കും എത്തിക്കുന്നതിനൊപ്പം അവരുടെ പേര്, ഫോൺ നമ്പർ, ക്ലാസ് തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നുണ്ടോയെന്നതിലും ആശങ്കയുണ്ട്. അധ്യാപക സംഘടനകള്‍ നേരത്തെ അധികൃതരുടെ ശ്രദ്ധയില്‍ ഇത് കൊണ്ടുവന്നിരുന്നു.സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങളുടെ ആധികാരികതയും വിദ്യാർഥികളുടെ വിവരശേഖരണവും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.കൂടാതെ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂളുകളുടെയും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നാണ് നിർദേശം.






