ഇടുക്കി: തമിഴ്നാട് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിലെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുൻമന്ത്രി എം എം മണി. തമിഴ്നാട് സർക്കാരിന് തീരുമാനമെടുത്ത് അവിടെ വെക്കാനേ സാധിക്കു.
നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കരുത്. തമിഴ്നാടിന് ഇപ്പോൾ കൊടുക്കുന്ന അളവിൽ വെള്ളം കൊടുക്കണം. കേരളത്തിൻറെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണം.
ഏതു വിജയ് സർക്കാർ ആയാലും ഈ തീരുമാനം നടപ്പാക്കാൻ പറ്റില്ല. ഇടുക്കിയിലെ 3 താലൂക്കുകൾ തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന പ്രചരണത്തിലും അദ്ദേഹം പ്രതികരിച്ചു. പച്ച മലയാളത്തിൽ പറഞ്ഞാൽ അത് കയ്യിൽ വച്ചാൽ മതിയെന്ന് എ എം മണി മറുപടി നൽകി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്നായിരുന്നു ഇന്നലെ അവതരിപ്പിച്ച വിജയ് സർക്കാറിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രഖ്യാപനം.
സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലെയുള്ള പദ്ധതികളെ എതിർക്കുന്നത് ഉൾപ്പെടെ തമിഴ്നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കും.
അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കും. ദീർഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ,
ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവയ്ക്കായും സർക്കാർ പരിശ്രമിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.






