തമിഴ്നാട്ടിൽ മലയാളിയായ ശിവസേന നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട് ശിവസേനയുടെ കേരള അധ്യക്ഷനായ ചെങ്കവിള സ്വദേശി അതുൽ (32) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഉണ്ണാമലക്കട ആർ.സി സ്ട്രീറ്റ് സ്വദേശി നിതീഷ് (29), കരിങ്കൽ മാങ്കര സ്വദേശി ബെർലിൻ (27) എന്നിവരാണ് പിടിയിലായത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
സുഹൃത്തുക്കളായ നാലുപേർ ചേർന്ന് അതുലിനെ ആക്രമിക്കുകയും മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കാറിൽ കയറ്റി കുഴിത്തുറയ്ക്ക് സമീപത്തെ നദിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. തുടർന്ന് അതുലിന്റെ കാർ മലൈകോവിലിലെത്തിച്ച പ്രതികൾ നമ്പർപ്ലേറ്റ് അഴിച്ചുമാറ്റി രക്ഷപ്പെട്ടു.
സംഭവത്തിൽ അന്വേഷണം ശക്തമാക്കിയ പൊലീസ്, അതുലിന്റെ കാർ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച പുലർച്ചെയാണ് കന്യാകുമാരിക്ക് സമീപം മാർത്താണ്ഡത്തെ നദിയിൽ നിന്ന് അതുലിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ വൈകിയെന്നാരോപിച്ച് കുടുംബം നേരത്തെ പ്രതിഷേധിച്ചിരുന്നു.






