കൊച്ചി : അനധികൃതമായി സ്ഥാപിക്കുന്ന ബോർഡുകൾ, ഫ്ലക്സുകൾ, കൊടികൾ തുടങ്ങിയവയ്ക്കെതിരെ നടപടി സ്വീകരിക്കാത്ത തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിയമലംഘകർക്കെതിരെ ചുമത്തേണ്ട പിഴ കൃത്യമായി ഈടാക്കാത്ത പക്ഷം തദ്ദേശസ്ഥാപന സെക്രട്ടറിമാർ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
അനധികൃതമായി സ്ഥാപിച്ച കൊടികൾ, ബോർഡുകൾ, ഫ്ലക്സുകൾ തുടങ്ങിയവയ്ക്ക് 5,000 രൂപ വീതം പിഴ ഈടാക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. നിരവധി അനധികൃത ബോർഡുകളും മറ്റ് പ്രചാരണ സാമഗ്രികളും നീക്കം ചെയ്തിട്ടുണ്ടെങ്കിലും, പിഴയിനത്തിൽ ലഭിച്ച തുക വളരെ കുറവാണെന്ന് കോടതി നിരീക്ഷിച്ചു. ബോർഡുകൾ നീക്കം ചെയ്തിട്ടും പിഴ ഈടാക്കേണ്ട കോളങ്ങൾ ശൂന്യമായി കിടക്കുന്ന സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി. പിഴത്തുക തിരിച്ചുപിടിക്കുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും വ്യക്തമായ വിശദീകരണമില്ലെന്ന് കോടതി വിമർശിച്ചു.
നിയമലംഘകരിൽ നിന്ന് പിഴയിനത്തിൽ കോടിക്കണക്കിന് രൂപ സർക്കാരിന് ലഭ്യമാക്കാൻ കഴിയുന്ന സാഹചര്യമുണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളുടെ വിശദീകരണവും സർക്കാർ സമർപ്പിച്ച രേഖകളും പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമർശനം. സ്വീകരിച്ച നടപടികളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തി വിശദീകരണം നൽകുന്നതിനായി കോർപ്പറേഷനുകളുടെ അഭിഭാഷകർ സമയം തേടി. തുടർന്ന് ഹർജി സെപ്റ്റംബർ 3-ന് വീണ്ടും പരിഗണിക്കാനായി മാറ്റി.






