തിരുവനന്തപുരം : ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ദയനീയാവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഊളമ്പാറ ജയില്‍ പോലെയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. രോഗികള്‍ ആശുപത്രിയിലല്ല, ജയിലിലാണെന്ന തോന്നലിലാണ് കഴിയുന്നതെന്നും അവരുടെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
158 അറ്റന്‍ഡര്‍ തസ്തികയില്‍ 127 പേര് മാത്രമാണുള്ളത്. ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. അറ്റന്‍ഡര്‍മാര്‍ തന്നെയാണ് പാചകവും ശുചീകരണവും നിര്‍വഹിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല. കുറഞ്ഞത് 40-50 പേര് ആവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൂടാതെ രോഗമുക്തി നേടിയ 55 പേരുടെ പുനരധിവാസ പദ്ധതി വിശദീകരിക്കണം. സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ആശുപത്രിയില്‍ പല പോരായ്മകളും ഉണ്ട്. മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






