കോട്ടയം: വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പച്ചക്കറികൾ സൂപ്പർ ഫുഡ് തന്നെയാണ്.
കുടലിന്റെ ആരോഗ്യം, രോഗപ്രതിരോധ ശേഷി, കണ്ണിന്റെ ആരോഗ്യം, ഹൃദയാരോഗ്യം, ക്യാൻസറിന്റെ സാധ്യത കുറയ്ക്കുക തുടങ്ങി പച്ചക്കറികളുടെ ആരോഗ്യഗുണങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല.
ചെറുപ്പം മുതലേ നമ്മളെല്ലാവരും കേട്ടുവളർന്നതാണ് പച്ചക്കറികൾ കൂടുതൽ കഴിക്കണമെന്നത്. എന്നാൽ, പച്ചക്കറികൾ വേവിച്ചാൽ അതിലെ പോഷകഗുണം കുറയുമെന്ന് കരുതി പലരും പച്ചയ്ക്ക് കഴിക്കാൻ ഇഷ്ടപ്പെടാറുണ്ട്.
ചില പച്ചക്കറികളുടെ കാര്യത്തിൽ ഇത് ശരിയാണെങ്കിലും, ചിലത് പച്ചയ്ക്ക് കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും ഒടുവിൽ ആശുപത്രിയിൽ കിടക്കേണ്ട അവസ്ഥയ്ക്കും വരെ കാരണമായേക്കാം. ഇത്തരത്തിൽ ഒരിക്കലും പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ ഇതാ
ചീര
ചീരയിൽ ഇ. കോളി ബാക്ടീരിയയും ടേപ്പ്വോം മുട്ടകളും ഉൾപ്പെട്ടിട്ടുണ്ട്. നന്നായി കഴുകിയാൽ പോലും ഇവയിൽ ബാക്ടീരിയകൾ അവശേഷിച്ചേക്കാം. ഇവ പച്ചയ്ക്ക് കഴിച്ചാൽ ദഹനവ്യവസ്ഥയിലെ അണുബാധകൾക്ക് കാരമമായേക്കാം. കൂടാതെ, പച്ച ചീരയിൽ ഓക്സലേറ്റുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കൂട്ടും. ഈ അപകട സാധ്യതകൾ കുറയ്ക്കാൻ ചീര നന്നായി തിളപ്പിക്കുകയോ, ആവിയിൽ വേവിക്കുകയോ, പാകം ചെയ്യുകയോ ചെയ്താൽ മതി.
കാബേജ്
ശരിയായി കഴുകി പാകം ചെയ്തില്ലെങ്കിൽ കാബേജ് അപകടകാരിയാണ്. ഇവയിലുണ്ടാകുന്ന ടേപ്പ്വോം മുട്ടകൾ രക്തക്കുഴലുകളിലൂടെ സഞ്ചരിച്ച് തലച്ചോറിൽ എത്തുകയും, ന്യൂറോസിസ്റ്റിസെർക്കോസിസ് പോലുള്ള ഗുരുതരമായ പരാദ അണുബാധകൾക്ക് കാരണമാകാം. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ കാബേജ് നന്നായി വേവിച്ച് കഴിച്ചിരിക്കണം.
വഴുതനങ്ങ
വഴുതനങ്ങയിൽ സൊളാനിൻ എന്ന സ്വാഭാവിക വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് ഓക്കാനത്തിനും ദഹനപ്രശ്നങ്ങൾക്കും കാരണമായേക്കാം. വഴുതനങ്ങ പാകം ചെയ്യുമ്പോൾ ഈ വിഷാംശം ഇല്ലാതാകും. വേവിച്ച് കഴിക്കുന്നതിലൂടെ എളുപ്പത്തിൽ ദഹിക്കും.
മറ്റ് പച്ചക്കറികളും ശ്രദ്ധിക്കണം
വഴുതനങ്ങ, കാബേജ്, ചീര എന്നിവയ്ക്ക് പുറമേ ക്യാപ്സിക്കം, ചേമ്പില, കേൽ എന്നിവയും പച്ചയ്ക്ക് കഴിക്കരുതെന്നും ഡോക്ടർ ഓർമ്മിപ്പിക്കുന്നുണ്ട്. ഇവയിലും രോഗാണുക്കളും, ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകളും, ടേപ്പ്വോം മുട്ടകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അപകടകരമായ ബാക്ടീരിയകൾ പച്ചക്കറിയിലുണ്ട്. ഇവ വേവിക്കാതെ കഴിച്ചാൽ കുടലിനെയും രക്തത്തെയും മാത്രമല്ല, തലച്ചോറിനെ പോലും ബാധിക്കാൻ ഈ ബാക്ടീരിയകൾ കാരണമായേക്കാം.






