ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടുമ്പോള്‍ ഉറക്കമില്ലായ്മകൊണ്ടും മാനസികസമ്മർദ്ധം കൊണ്ടുമാണ് ഉണ്ടാകുന്നതെന്നാണ് നമ്മള് കരുതാറുള്ളത്.
എന്നാല്‍ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിലെ ചില തെറ്റായ ശീലങ്ങളാണ് ഈ ക്ഷീണത്തിന് പിന്നിലെ പ്രധാന വില്ലനെന്ന് വിദഗ്ധർ പറയുന്നു. നമ്മള് അറിയാതെ പോകുന്ന അത്തരം പ്രധാന ഭക്ഷണശീലങ്ങള്‍ താഴെ പറയുന്നവയാണ്.
മധുരപലഹാരങ്ങള്‍ തരുന്ന താല്‍ക്കാലിക ഊർജ്ജം
ബിസ്ക്കറ്റോ മധുരമുള്ള പലഹാരങ്ങളോ കഴിക്കുമ്പോള്‍ താല്‍ക്കാലികമായി ഊർജ്ജം ലഭിക്കുമെന്ന് തോന്നുമെങ്കിലും അത് അധികനേരം നീണ്ടുനില്‍ക്കില്ല. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ 30 മിനിറ്റിനുള്ളില്‍ ശരീരം കൂടുതല്‍ തളരുന്നതായി കാണാം.
ഉച്ചഭക്ഷണം മാത്രമല്ല ക്ഷീണത്തിന് കാരണം
ഉച്ചയൂണിന് ശേഷമുള്ള ക്ഷീണത്തിന് കാരണം ആഹാരം മാത്രമല്ല, ശരീരത്തിന്റെ സ്വാഭാവികമായ ബയോളജിക്കല്‍ ക്ലോക്ക് കൂടിയാണ്. ഉച്ചകഴിഞ്ഞ് ശരീരത്തിന്റെ ഊർജ്ജ നില സ്വാഭാവികമായും കുറയാറുണ്ട്. ഇതിനൊപ്പം കൊഴുപ്പ് ഉയർന്ന അളവിലുള്ള വലിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉറക്കത്തിന് കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനം കൂട്ടുകയും ക്ഷീണം വർദ്ധിപ്പിക്കുകയും ചെയ്യും.
വൈകുന്നേരങ്ങളിലെ കാപ്പി ഉപയോഗം
കാപ്പി ഉന്മേഷം നല്‍കുമെങ്കിലും അത് കുടിക്കുന്ന സമയം വളരെ പ്രധാനമാണ്. ഉറങ്ങുന്നതിന് 6 മണിക്കൂർ മുമ്പ് പോലും കഫീൻ ശരീരത്തിലെത്തുന്നത് രാത്രിയിലെ ഉറക്കത്തില്‍ നിന്ന് ഒരു മണിക്കൂറിലധികം സമയം നഷ്ടപ്പെടുത്തും. ഇത് ക്ഷീണം അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്യും.






