പുരുഷന്മാരിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നതെങ്കിലും സ്ത്രീകളിലും ഇതിന്റെ നിരക്ക് വർധിച്ചുവരുന്നത് ശ്രദ്ധേയവും ആശങ്കാജനകവുമാണെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
മോശം ഭക്ഷണശീലം, വ്യായാമമില്ലയ്മ, പുകവലി, ഉയർന്ന മാനസിക സമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ ഘടകങ്ങളാണ് ഹൃദയാഘാത സംഭവങ്ങളിലെ ഈ ആശങ്കാജനകമായ വർധനവിന് പ്രധാന കാരണങ്ങള്‍.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്നവയില്‍ ഒന്നാണ് ഹൃദയാഘാതം. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് രക്തയോട്ടം കുറയുന്നതാണ് സാധാരണയായി ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഘടകം. സ്ത്രീകളില്‍ ഹൃദയാഘാതം വർധിച്ചുവരുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങള്‍ പലപ്പോഴും പുരുഷന്മാരുടേതില് നിന്ന് വ്യത്യസ്തവും അത്ര പ്രകടമല്ലാത്തതുമായിരിക്കും. നെഞ്ചിലെ അസ്വസ്ഥത തന്നെയാണ് ഏറ്റവും സാധാരണമായ ലക്ഷണമെങ്കിലും, സൂക്ഷ്മമായ ലക്ഷണങ്ങള്‍ അനുഭവപ്പെടാനാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ സാധ്യത.
പല സ്ത്രീകളും സ്വന്തം ആരോഗ്യകാര്യങ്ങള്‍ അവഗണിക്കുകയും, ആരോഗ്യപരിശോധനകള്‍ വൈകിപ്പിക്കുകയും, മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ഉണ്ടായിട്ടും ജോലി തുടരുകയും ചെയ്യാറുണ്ട്. ഇത് രോഗം നേരത്തേ കണ്ടെത്തുന്നതിന് തടസ്സമാവുകയും ഗുരുതരമായ ഹൃദയപ്രശ്നങ്ങള്‍ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന വിളർച്ച (അനീമിയ), ഗർഭാശയമുഖത്തെ രോഗങ്ങള്‍ തുടങ്ങിയവ അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ കൂടുതല്‍ ബാധിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തേക്കാം.
കൊറോണറി ആർട്ടറി രോഗം, മൈക്രോവാസ്കുലാർ രോഗം, മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ഹൃദയപ്രശ്നങ്ങള്‍, ഹോർമോണ്‍ വ്യതിയാനങ്ങള്‍, ഗർഭകാല പ്രമേഹം, പ്രീ-എക്ലാംസിയ അല്ലെങ്കില്‍ ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവയും മറ്റ് ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.
സമ്മർദ്ദം, മുറുക്കം അല്ലെങ്കില്‍ നെഞ്ചില്‍ ഒരു ഞെരുക്കം പോലെ അനുഭവപ്പെടുന്നതാണ് മറ്റ് ലക്ഷണങ്ങള്‍. ഇത് മിനിറ്റുകളോളം നീണ്ടുനില്‍ക്കുകയോ വരികയും പോകുകയും ചെയ്യുന്നു. അസാധാരണമായ ക്ഷീണം, നെഞ്ചിലെ അസ്വസ്ഥത, ഓക്കാനവും ഛർദ്ദിയും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വേദന ( താടിയെല്ല്, കഴുത്ത്, നടുവ് അല്ലെങ്കില്‍ വയറിന്റെ മുകള്ഭാഗം എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടുക), തലകറക്കം അല്ലെങ്കില്‍ തലയ്ക്ക് ഭാരക്കുറവ് അനുഭവപ്പെടുക എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.
സ്ത്രീകളില്‍ കൃത്യമായ ബോധവത്കരണം നടത്തി രോഗം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ ഭാരം നിലനിർത്തുകയും സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളില്‍ ഏർപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.
നടത്തം, ജോഗിംഗ്, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ തുടങ്ങിയ പ്രവർത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുകവലിയും അമിതമായ മദ്യപാനവും ഒഴിവാക്കുന്നതും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നതും വിവിധ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.






