മുംബൈ: ഇന്ത്യൻ ടീമിന് വൻ തിരിച്ചടിയായി ഓള്‍റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. കാല്‍മുട്ടിലെ പേശിക്കേറ്റ ഗുരുതര പരിക്കില്‍ നിന്ന് പൂർണമായി മുക്തനാകാത്തതിനാല്‍ ഹാർദിക് അടുത്ത വർഷം നടക്കുന്ന ഐപിഎല്ലിന്മുമ്പ് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകള്‍.
നിലവില്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലാണ് 32-കാരനായ ഹാർദിക്. പ്രമുഖ കായിക വിദഗ്ദ്ധൻ ഡോ. ദിൻഷാ പർദിവാലയുടെ മേല്‍നോട്ടത്തിലാണ് ഹാർദിക്കിന്റെ ചികിത്സ പുരോഗമിക്കുന്നത്.
മെഡിക്കല്‍ ടീമിന്റെ നിർദ്ദേശപ്രകാരം ഘട്ടം ഘട്ടമായുള്ള ഫിറ്റ്നസ് പ്ലാനിലൂടെ മാത്രമേ താരത്തിന് ബോളിങ് പുനരാരംഭിക്കാൻ സാധിക്കൂ. മൂന്ന് ആഴ്ചകള്‍ക്ക് ശേഷമേ ഹാര്‍ദിക്കിന് ഓടി തുടങ്ങാനാവൂ എന്നതിനാല്‍ ഹാർദിക് മത്സരസജ്ജനാകാൻ ഇനിയും മാസങ്ങള്‍ എടുത്തേക്കും.
2026 മേയില്‍ നടന്ന ഐപിഎല്ലിലാണ് ഹാർദിക് പാണ്ഡ്യ അവസാനമായി മത്സര ക്രിക്കറ്റ് കളിച്ചത്. മാർച്ച് 2026-ലെ ടി20 ലോകകപ്പ് ഫൈനലിലാണ് ഹാര്‍ദിക് അവസാനമായി ഇന്ത്യൻ കുപ്പായത്തില്‍ കളിച്ചത്. പരിക്കിനെ തുടർന്ന് ഏഷ്യൻ ഗെയിംസ് 2026, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ് പരമ്പരകള്‍ ഉള്‍പ്പെടെ 2026-ല്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട പല വൈറ്റ് ബോള്‍ മത്സരങ്ങളും ഹാർദിക്കിന് നഷ്ടമായിരുന്നു. വരാനിരിക്കുന്ന ശ്രീലങ്ക, സിംബാബ്വെ പരമ്പരകളിലും ഹാര്‍ദിക് കളിക്കില്ലെന്ന് ഉറപ്പായതോടെ ഇന്ത്യക്ക് മറ്റ് താരങ്ങളെ പരീക്ഷിക്കേണ്ടിവരും.






