ഗുരുവായൂർ: ചിങ്ങമാസത്തിന്റെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് ഗുരുവായൂർ ക്ഷേത്രത്തില്‍ റെക്കോർഡ് വിവാഹത്തിരക്ക്. നിലവില്‍ 377 വിവാഹങ്ങളാണ് അന്നത്തേക്ക് ബുക്ക് ചെയ്തിരിക്കുന്നത്. ഇനിയും 13 ദിവസം ബാക്കിയുള്ളതിനാല്‍ ബുക്കിങ് 400 കടന്നേക്കുമെന്നാണ് ഗുരുവായൂർ ദേവസ്വത്തിന്റെ വിലയിരുത്തല്‍.
ഗുരുവായൂരിലെ വിവാഹങ്ങളുടെ എണ്ണത്തില്‍ ഇതുവരെ ഉണ്ടായിരുന്ന റെക്കോർഡും ഇത്തവണ മറികടക്കുമെന്നാണ് പ്രതീക്ഷ. 2024 സെപ്റ്റംബർ എട്ടിന് നടന്ന 334 വിവാഹങ്ങളാണ് നിലവിലെ റെക്കോർഡ്. അന്ന് 350-ലേറെ വിവാഹങ്ങള്‍ ബുക്ക് ചെയ്തിരുന്നെങ്കിലും 334 വിവാഹങ്ങളാണ് നടന്നത്.
വിവാഹത്തിരക്ക് വർധിക്കുന്ന സാഹചര്യത്തില്‍ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ചടങ്ങുകള്‍ സുഗമമായി നടത്താനുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ആരംഭിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനും സമയബന്ധിതമായി വിവാഹങ്ങള്‍ നടത്തുന്നതിനുമുള്ള ആസൂത്രണവും പുരോഗമിക്കുകയാണ്.






