ഗുരുവായൂർ: വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഏകാദശി ദിനമായ ഇന്ന് ഗുരുവായൂരിലെത്തും.
ഭക്തർക്കായി ദേവസ്വം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക.
ദേവസ്വം നേരിട്ടാണ് ഇന്ന് വിളക്കാഘോഷം നടത്തുക. രാവിലെ 6.30ന് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും.
വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും.
ഇന്ന് രാവിലെ 5 മുതൽ വൈകിട്ട് 5 വരെ ക്ഷേത്രത്തിൽ വി.ഐ.പികൾ ഉൾപ്പെടെ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
രാവിലെ ഒമ്പത് മുതൽ പ്രസാദ ഊട്ടുമുണ്ടാകും.
ഇന്ന് രാത്രി 12 മുതൽ രാവിലെ ഒമ്പതിന് ക്ഷേത്രനട അടക്കുന്നതുവരെ ഭക്തർക്ക് കൂത്തമ്പലത്തിൽ ദ്വാദശിപ്പണം സമർപ്പിക്കാം.
ദ്വാദശി ദിവസം രാവിലെ എട്ട് വരെയാണ് ദർശനമുണ്ടാവുക.






