ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ എംഎല്‍എയും സിപിഎം നേതാവുമായ എച്ച്.
സലാം. സുധാകരൻ ഹരിശ്ചന്ദ്രനാകാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകള്‍ എല്ലാവർക്കും അറിയാമെന്നും സലാം വിമർശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സുധാകരന്റെ ഭാര്യയുടെ അക്കൗണ്ടിലുണ്ടായിരുന്ന 50 ലക്ഷം രൂപ മകന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് സലാമിന്റെ ആരോപണം. ഈ 50 ലക്ഷം രൂപയുടെ ഉറവിടം എന്താണെന്ന് സുധാകരൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് മുമ്പ് എന്തിനാണ് പണം മാറ്റിയതെന്നും സലാം ചോദിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം ജൂലൈയില്‍ പറവൂർ സ്കൂളിന് സമീപം ജി. സുധാകരന്റെ ഭാര്യയുടെ പേരില്‍ ആധാരം നടന്നതായും സലാം ആരോപിച്ചു. ഇതിന് ആവശ്യമായ പണം എവിടെനിന്നാണ് ലഭിച്ചതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.






