ഡൽഹി: രാജ്യത്തെ ഡിജിറ്റലൈസേഷന്റെ ഏറ്റവും വലിയ തെളിവ് നമുക്ക് കാണാനാകുക യുപിഐ പേയ്മെന്റുകളുടെ വളർച്ചയിലാണ്. വീട്ടിലുള്ള വയസായ ആളുകള്‍ മുതല്‍ പെട്ടിക്കടകളില്‍ കച്ചവടം നടത്തുന്നവർ വരെ ഇന്ന് ഉപയോഗിക്കുന്നത് യുപിഐ പേയ്മെന്റ് രീതിയാണ്.
ഇതില്‍ മിക്കവരും ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകള്‍ ആണ് ഉപയോഗിക്കുന്നതും. യുപിഐ ഉപയോക്താക്കള്‍ക്ക് മുന്നിലേക്ക് വളരെ വലിയൊരു മാറ്റമാണ് ഇനി വരാൻ പോകുന്നത്. ഇനി മുതല്‍ യുപിഐ വഴി പണമടയ്ക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ നിങ്ങളുടെ ഫോണ്‍ നമ്പർ മറ്റുള്ളവർക്ക് കാണാൻ സാധിക്കില്ല.
ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ആപ്പുകള്‍ക്കും ബാങ്കുകള്‍ക്കും കർശന നിർദേശം നല്‍കിയിരിക്കുകയാണ്. സെപ്റ്റംബർ 4-നകം ഈ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കണമെന്നാണ് സർക്കാർ നല്‍കിയിരിക്കുന്ന സമയപരിധി.
പ്രധാന മാറ്റങ്ങള്‍ എന്തൊക്കെ?
ഫോണ്‍ നമ്പർ പൂർണമായി കാണില്ല (Masking): പണമടയ്ക്കുമ്പോഴോ സ്റ്റേറ്റ്മെന്റുകളിലോ ഇനി മൊബൈല്‍ നമ്പർ പൂർണമായി പ്രദർശിപ്പിക്കില്ല. പകരം നമ്പറിന്റെ അവസാനത്തെ 4 അക്കങ്ങള്‍ മാത്രമായിരിക്കും കാണാനാവുക.
ക്യുആർ കോഡ് (QR Code) ഇടപാടുകള്‍: കടകളിലോ മറ്റോ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചു കഴിഞ്ഞാല്‍, പണം അയച്ചയാളുടെയോ ലഭിച്ചയാളുടെയോ ഫോണ്‍ നമ്പർ സ്ക്രീനില്‍ തെളിയുകയില്ല.
യൂസർനെയിം ഐഡികള്‍ ഡിഫോള്ട്ടാകും: ഫോണ്‍ നമ്പറിന് പകരം ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള യൂസർനെയിം (ഉദാഹരണത്തിന്: username@bank) ഉപയോഗിച്ച് യുപിഐ ഐഡി ഉണ്ടാക്കാനുള്ള ഓപ്ഷൻ മുൻഗണനാടിസ്ഥാനത്തില്‍ (Default) ആപ്പുകള്‍ നല്‍കേണ്ടി വരും.
എന്തുകൊണ്ടാണ് ഈ മാറ്റം?
ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ നിയമം (DPDP Act): രാജ്യത്ത് നിലവില്‍ വന്ന പുതിയ വിവരസംരക്ഷണ നിയമപ്രകാരം (Digital Personal Data Protection Act) വ്യക്തിഗത വിവരങ്ങള്‍ ആവശ്യമില്ലാതെ പരസ്യമാക്കുന്നത് കുറ്റകരമാണ്.
സുരക്ഷയും സ്വകാര്യതയും: അപരിചിതർക്ക് പണമയക്കുമ്പോഴും കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോഴും ഫോണ്‍ നമ്പർ പരസ്യമാകുന്നത് തട്ടിപ്പുകള്‍ക്കും ശല്യപ്പെടുത്തലുകള്‍ക്കും വഴിവെച്ചിരുന്നു. പ്രത്യേകിച്ച് വനിതാ ഉപയോക്താക്കള്‍ തങ്ങളുടെ സുരക്ഷയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പരാതികള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് എൻപിസിഐയുടെ നിർണായക ചുവടുവെപ്പ്.






