കൊച്ചി: കെ.എസ്.ആർ.ടി.സി.യിലെ വനിത കണ്ടക്ടർമാർക്ക് രണ്ട് ദിവസം ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ഹർജിക്കാരെയും കെ.എസ്.ആർ.ടി.സി. അധികൃതരെയും കേട്ടശേഷം അന്തിമ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടത്.
വനിത കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവരുൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
വനിത കണ്ടക്ടർമാർക്ക് അനുയോജ്യമായ രീതിയിൽ ആർത്തവ അവധി നയം സർക്കാർ രൂപീകരിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആർത്തവ അവധി ജീവനക്കാരുടെ ക്ഷേമം വർധിപ്പിക്കുന്ന നടപടിയാണെന്നും, തീവ്രമായ ആർത്തവ പ്രശ്നങ്ങൾ ആരോഗ്യത്തെയും ജോലി നിർവഹണത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ദീർഘനേരം നിന്നുകൊണ്ടും തുടർച്ചയായി സഞ്ചരിച്ചും ജോലി ചെയ്യേണ്ട സാഹചര്യമാണ് കണ്ടക്ടർമാർക്കുള്ളത്. ഇതിന് പുറമെ ആവശ്യമായ വിശ്രമവും ശുചിത്വ സൗകര്യങ്ങളും പരിമിതമാണെന്നും കോടതി വിലയിരുത്തി.
സ്ത്രീ ജീവനക്കാരിൽ ആർത്തവം സൃഷ്ടിക്കുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകളെ അംഗീകരിക്കുന്ന പുരോഗമനപരമായ ക്ഷേമ നടപടിയാണ് ആർത്തവ അവധിയെന്നും, സ്ത്രീകളുടെ അന്തസും നീതിയുക്തവും മാനുഷികവുമായ തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുന്ന ഭരണഘടനാ തത്വങ്ങളുമായി ഇത് യോജിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
നിലവിൽ കെ.എസ്.ആർ.ടി.സി.യിൽ ഏകദേശം 3,000 വനിത ജീവനക്കാരാണുള്ളത്. കർണാടകത്തിൽ വനിത ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി അനുവദിച്ചിട്ടുണ്ടെന്നും, കേരളത്തിൽ സർവകലാശാല വിദ്യാർഥിനികൾക്കും ആർത്തവ അവധി നിലവിലുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ഹർജിക്കാർക്കായി അഡ്വ. എം. അനിൽകുമാർ ഹാജരായി.






