തിരുവനന്തപുരം: ഹിറ്റായ പ്രിയദർശിന് പദ്ധതിക്ക് ശേഷം വീണ്ടും സ്ത്രീ സൗഹൃദ പദ്ധതിയുമായി സംസ്ഥാന സർക്കാർ.
ആർത്തവ സമയത്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്രകള്‍ സുഗമമാക്കുന്ന വനിതാ-ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന 'വിമൻ ഓണ്‍ ദി മൂവ് ആൻഡ് മെൻസ്ട്രല്‍ നീഡ്' പദ്ധതിക്ക് ഇന്ന് തുടക്കം.
കെ.എസ്.ആർ.ടി.സി ടെർമിനലുകള്‍ മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കുന്ന പദ്ധതിയാണിത്. വൈകിട്ട് 5ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലില്‍ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സി.പി ജോണ്‍ അദ്ധ്യക്ഷത വഹിക്കും. മേയർ വി.വി രാജേഷ് പങ്കെടുക്കും.
യാത്രാവേളയില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുകയും ഉപയോഗശേഷം പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിന് ഇൻസിനറേറ്റർ സൗകര്യം ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു പാക്കറ്റില്‍ മൂന്ന് സാനിറ്ററി നാപ്കിനുകള്‍ ഉണ്ടായിരിക്കും. 10 രൂപയാണ് വില. എച്ച്.എല്‍.എല്ലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 14 ബസ് ടെര്‍മിനലുകളിലാണ് വെന്‍ഡിങ് മെഷീന് സ്ഥാപിക്കുക. ഇതിനുശേഷം കൂടുതല്‍ ഡിപ്പോകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.






