തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലിലായ ബിജെപി കൗണ്‍സിലർ ആർ സുഗതൻ്റെ വ്യാജ ഒപ്പ് ആരോപണത്തില്‍ പൊലീസ് ഇന്ന് കേസെടുക്കും.
രേഖകള്‍ ഫോറൻസിക് പരിശോധനയ്ക്ക് നല്‍കുന്നതിനാണ് കേസ്. ആരെയും പ്രതി ചേർക്കാതെയാവും എഫ്ഐആർ ഇടുക.
കാപ്പാ കേസില്‍ സുഗതൻ ഒളിവില്‍ കഴിയുമ്പോള്‍ ഫെബ്രുവരി 26, മാർച്ച് 11, ഏപ്രില്‍ 27 തിയ്യതികളിലെ കൗണ്‍സിലില്‍ പങ്കെടുത്തതായുള്ള രജിസ്റ്ററിലെ ഒപ്പ് വ്യാജമെന്നാണ് എല്‍ഡിഎഫ് പരാതി. കോണ്‍ഗ്രസ്സും ആരോപണം ഏറ്റെടുത്തു.
എന്നാല്‍, വ്യാജ ഒപ്പ് ആക്ഷേപം തള്ളുകയാണ് ബിജെപി. പൊലീസിന് നല്കിയ പരാതിയില്‍ ഫോറൻസിക് പരിശോധന നടത്താനാണ് നീക്കം.
പരാതി ഉയർന്ന ദിവസങ്ങളിലെ കൗണ്‍സിലിൻ്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
പരാതി തെളിഞ്ഞാല്‍ സുഗതന് മാത്രമല്ല മേയർക്കും പ്രശ്നമാണ്. മേയറുടെ ഓഫീസിലാണ് ഹാജർ ബുക്ക് സൂക്ഷിക്കുന്നത്.






