ഡൽഹി: ഗ്രാമീണ മേഖലകളിൽ എൽപിജി സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചതായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി.
നഗര, ഗ്രാമ മേഖലകളിൽ ഒരുപോലെ 25 ദിവസത്തെ റീഫിൽ ബുക്കിംഗ് ഇടവേള ഉടൻ നടപ്പാക്കാൻ എണ്ണ വിപണന കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ തുടർന്ന് ദ്രവീകൃത പെട്രോളിയം വാതകമായ എൽപിജിയുടെ വിതരണത്തിൽ ഉണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് റീഫിൽ ബുക്കിംഗ് ഇടവേള നേരത്തെ വർധിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മാറ്റം ഉടൻ നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം എണ്ണ വിപണന കമ്പനികൾക്ക് നൽകിയ കത്തിന്റെ പകർപ്പും മന്ത്രി പങ്കുവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.
മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിൽ ഉണ്ടായ സമ്മർദ്ദം കണക്കിലെടുത്ത്, നഗര മേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്കിംഗിനുള്ള ഇടവേള. എന്നാൽ നിലവിലെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെ, കേന്ദ്ര സർക്കാർ ഈ നിയന്ത്രണത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം.
അതേസമയം, ദ്രവീകൃത പെട്രോളിയം വാതകമായ എൽപിജിയുടെ വിൽപ്പനയിൽ ഇടിവ് തുടരുകയാണ്. ഓഗസ്റ്റിൽ എൽപിജി വിൽപ്പന 16.1 ശതമാനം കുറഞ്ഞ് 2.42 ദശലക്ഷം ടണ്ണായിരുന്നു. ജൂലൈയിൽ എൽപിജി ആവശ്യകത 17.4 ശതമാനം കുറഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് പിന്നാലെ ഉപഭോഗം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസിലേക്ക് മാറിയതാണ് വിൽപ്പന ഇടിയാനുള്ള പ്രധാന കാരണമെന്ന് വ്യവസായ രംഗത്തെ ഉദ്യോഗസ്ഥർ പറഞ്ഞു.






