കോട്ടയം : തുടർച്ചയായി ലഹരി കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ കോട്ടയം ജില്ലാ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. ഇതിന്റെ ഭാഗമായി ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ്, രാസലഹരി കേസുകളിലെ പ്രതിയായ ചങ്ങനാശ്ശേരി വില്ലേജിൽ റെയിൽവേ ഹൗസിംഗ് ബോർഡ് ഭാഗത്ത് തോപ്പിൽതാഴ്ചയിൽ വീട്ടിൽ 25കാരനായ അഖിൽ ടിഎസിനെ കരുതൽ തടങ്കലിലാക്കി.
അഖിൽ ടിഎസിനെതിരെ ചങ്ങനാശ്ശേരി എസ്ബി കോളേജ് ഭാഗത്ത് നിന്ന് 2026 മാർച്ച് 25ന് 1.079 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസും, പെരുന്ന എൻഎസ്എസ് കോളേജിന് മുൻവശത്ത് നിന്ന് 2024 ഓഗസ്റ്റ് 21ന് 20.90 ഗ്രാം രാസലഹരി പിടികൂടിയ കേസും നിലവിലുണ്ട്.
പ്രതിക്കെതിരെ കോട്ടയം ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, ഐഎഎസ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ പാർപ്പിച്ചതായി പോലീസ് അറിയിച്ചു.
ജില്ലയിൽ ലഹരി മരുന്ന് കടത്തും വിതരണവും നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ തുടരുമെന്നും, സമൂഹത്തിൽ ലഹരി വ്യാപനം തടയുന്നതിനായി ഇത്തരത്തിലുള്ള കരുതൽ തടങ്കൽ ഉൾപ്പടെയുള്ള നടപടികൾ ശക്തമായി തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി സാബു മാത്യു കെഎം ഐപിഎസ് അറിയിച്ചു.






