മലപ്പുറം: തിരുനാവായയിലെ വ്യാജ ചികിത്സാ കേന്ദ്രമായ 'ജിന്ന് മഹ്ളറ'യ്ക്കും ഇതിന്റെ നടത്തിപ്പുകാരനായ ജലാലുദ്ധീനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവതി രംഗത്ത്.
യൂട്യൂബ് വീഡിയോ കണ്ട് ഒരു ദിവസം പരിപാടിയില്‍ പങ്കെടുത്താല്‍ അത്ഭുതകരമായി രോഗം മാറുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് താൻ അവിടെയെത്തിയതെന്ന് യുവതി വെളിപ്പെടുത്തി. കുട്ടിയുടെ രോഗം മാറാനായി ആറായിരത്തിലധികം രൂപ നല്‍കിയെങ്കിലും രോഗം ഭേദമായില്ലെന്നും യുവതി ആരോപിച്ചു.
ജിന്ന് മന്ത്രിച്ചൂതിയ ഏത്തപ്പഴം കഴിച്ചാല്‍ അത്ഭുതം നടക്കുമെന്ന് അവകാശപ്പെട്ടായിരുന്നു സ്ഥാപനത്തിന്റെ തട്ടിപ്പ്. ഒരു പഴത്തിന് 2,500 രൂപ വരെയാണ് ഇയാള്‍ ഈടാക്കിയിരുന്നത്.
സ്ഥാപനത്തിലെ ചികിത്സയെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ: "ചികിത്സയ്ക്കായി ആദ്യം 1,500 രൂപയുടെ കിറ്റാണ് ലഭിച്ചത്. എന്നാല്‍ 300 രൂപയില്‍ താഴെ മാത്രം വിലവരുന്ന സാധനങ്ങള്‍ മാത്രമാണ് ഇതിലുണ്ടായിരുന്നത്. ജിന്ന് മന്ത്രിച്ചൂതിയ ചരടിനൊപ്പം വെളിച്ചെണ്ണ, തേൻ, അത്തർ എന്നിവയാണ് കിറ്റില്‍ നല്‍കിയത്."
ലഭിച്ച ചികിത്സ കൊണ്ട് കുട്ടിയുടെ രോഗം മാറാത്തതിനെ തുടർന്ന് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് യുവതി കൂട്ടിച്ചേർത്തു. വ്യാജ ചികിത്സയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം നാട്ടുകാർ ഇടപെട്ട് സ്ഥാപനം പൂട്ടിച്ചിരുന്നു.






