കൊച്ചി: എറണാകുളം - കോട്ടയം - കൊല്ലം റൂട്ടിലെ ട്രെയിൻ യാത്ര തിരക്ക് കുറയ്ക്കാൻ പുതിയ ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവില്‍ വേണാട് എക്സപ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ ആളുകള്‍ തിങ്ങി നിറഞ്ഞാണ് യാത്ര ചെയ്യുന്നത്. ഈ സാഹചര്യം മാറാൻ പുതിയ സർവീസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
വൈകുന്നേര സമയങ്ങളില്‍ വേണാട് എക്സ്പ്രസില്‍ അനുഭവപ്പെടുന്ന യാത്രക്കാരുടെ തിരക്ക് അതീവ ആശങ്കാജനകമാണെന്നാണ് കൊടിക്കുന്നില്‍ സുരേഷ് എംപി പറയുന്നത്. എറണാകുളം, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ നിന്ന് തന്നെ വലിയ തിരക്കാണ് ഈ ട്രെയിനില്‍ അനുഭവപ്പെടുന്നത്. ഫുട്ബോർഡിന് സമീപം പോലും അപകടകരമായ സാഹചര്യത്തില്‍ യാത്ര ചെയ്യേണ്ടിവരുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.
പരശുറാം എക്സ്പ്രസിനും തുടർന്ന് ലഭിക്കുന്ന സർവീസിനുമിടയിലെ ഏകദേശം മൂന്ന് മണിക്കൂർ ഇടവേള വൈകുന്നേരത്തെ അമിത തിരക്കിന് പ്രധാന കാരണമാണ്. ഈ സാഹചര്യത്തില്‍ വേണാട് എക്സ്പ്രസിന് മുമ്പായി എറണാകുളം - കോട്ടയം - കൊല്ലം റൂട്ടില്‍ ഒരു അധിക വൈകുന്നേര ട്രെയിൻ സർവീസ് അടിയന്തരമായി അനുവദിക്കണമെന്നാണ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയില്‍വേ ബോർഡ് ചെയർമാനും കൊടിക്കുന്നില്‍ സുരേഷ് കത്ത് നല്‍കിയിട്ടുണ്ട്. പുതിയ റേക്ക് ലഭിക്കുന്നതുവരെ കാത്തിരിക്കാതെ, ഇതിനകം എല്‍ എച്ച് ബി റേക്കുകളിലേക്ക് മാറ്റിയ സർവീസുകളില്‍ നിന്ന് ലഭ്യമായ ഐ സി എഫ് റേക്ക് ഉപയോഗിച്ച് അധിക സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യത റെയില്‍വേ ബോർഡും സതേണ്‍ റെയില്‍വേയും അടിയന്തരമായി പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അധിക സർവീസ് ആരംഭിച്ചാല്‍ വൈകുന്നേര സമയത്തെ യാത്രക്കാരുടെ തിരക്ക് കുറയാനും വേണാട് എക്സ്പ്രസിലെ അമിത തിരക്ക് കുറയ്ക്കാനും കഴിയും. അതുവഴി യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ സാധിക്കും. വിഷയത്തില്‍ കൂടുതല്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും റെയില്‍വേ ബോർഡ് ചെയർമാനെയും നേരില്‍ കണ്ട് വിഷയം ഉന്നയിക്കുമെന്നും എംപി അറിയിച്ചു. വിഷയത്തില്‍ ഇടപെടല്‍ തേടി റെയില്‍വേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റയില്‍സ് അടക്കമുള്ളവർ എന്നെ സമീപിച്ചിരുന്നെന്നും എംപി പറഞ്ഞു.






